‘ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ റഷ്യ തയ്യാറാകണം’: സെലെന്‍സ്‌കി


ബ്രസല്‍സ് : യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിര്‍ത്തലിലും ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ വാക്ക് റഷ്യ പാലിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി.
യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ റഷ്യ അനാവശ്യ ഉപാധികള്‍ വെയ്ക്കുന്നുവെന്ന് സെലെന്‍സ്‌കി പറഞ്ഞു. ലോകത്തിന് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ റഷ്യ തയ്യാറാകണം. യുദ്ധം അവസാനിപ്പിക്കാനും വാഗ്ദാനം പാലിക്കാനുമായി ലോകരാജ്യങ്ങള്‍ റഷയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണം. യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ചക്കിടെയാണ് സെലെന്‍സ്‌കിയുടെ പ്രതികരണം.
അതേസമയം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. റഷ്യയുമായുളള യുദ്ധം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സെലെന്‍സ്‌കിയുടെ നിര്‍ണായക നീക്കം.

ബ്രസല്‍സിലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ യോഗം ചേരുന്നത്. യുദ്ധം അവസാനിപ്പിക്കാനും ഊര്‍ജ്ജ നിലയങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും ടെലിഫോണ്‍ ചര്‍ച്ചയില്‍ ട്രംപ്, സെലെന്‍സ്‌കിയെ അറിയിച്ചിരുന്നു. ഉപാധികളില്ലാതെയുളള വെടിനിര്‍ത്തല്‍ നിര്‍ദേശം റഷ്യയും തള്ളിയിരുന്നു.