കാനഡയില്‍ ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു


സാധാരണ ഒക്ടോബര്‍ 20നുള്ളിലാണ് കാനഡയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടത്
കാനഡയില്‍ ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 28ന് ജനവിധിയെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങളില്‍ കാനഡയെ സജ്ജമാക്കാന്‍ വലിയ ജനപിന്തുണ ആവശ്യമാണെന്നും കാര്‍ണി. ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തിരഞ്ഞെടുപ്പ് നടത്താന്‍ കാര്‍ണി തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടാതെ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കാര്‍ണിയുടെ തീരുമാനം. തീരുമാനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഗവര്‍ണര്‍ ജനറലുമായി മാര്‍ക്ക് കാര്‍ണി കൂടിക്കാഴ്ച നടത്തിയിരുന്നു.
സാധാരണ ഒക്ടോബര്‍ 20നുള്ളിലാണ് കാനഡയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാല്‍ യുഎസ് - കാനഡ വ്യാപാര യുദ്ധം നടക്കുന്നതിനിടയില്‍ മുന്‍പേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നില്‍ മാര്‍ക്ക് കാര്‍ണിയുടെ മറ്റൊരു കണക്ക് കൂട്ടല്‍ കൂടിയുണ്ട്. നേരത്തെ വോട്ടെടുപ്പ് നടത്തിയാല്‍ ലിബറല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. യുഎസിന്റെ തീരുവയും, കാനഡയെ യുഎസിനോട് കൂട്ടിച്ചേര്‍ക്കാനുള്ള ട്രംപിന്റെ നീക്കവുമെല്ലാം തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി ഉയര്‍ത്താനാണ് സാധ്യത.

ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ രാജി വച്ചത്. വാര്‍ത്താ സമ്മേളനത്തിലാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. ഒന്‍പത് വര്‍ഷം അധികാരത്തില്‍ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. കനേഡിയന്‍ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേര്‍ ട്രൂഡോയ്ക്ക് എതിരായിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികള്‍ സര്‍ക്കാര്‍ നേരിടുന്ന സാഹചര്യത്തിലായിരുന്നു രാജി.