US-ൽ അഞ്ചാംപനി പടരുന്നു, പല ഡോക്ടർമാരും രോഗം കാണുന്നത് ആദ്യം

Measles spreads in the US, many doctors see the disease first
Measles spreads in the US, many doctors see the disease first

യുഎസ്സില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ  ഒടുവിലത്തെ കണക്കനുസരിച്ച് 21 സംസ്ഥാനങ്ങളിലും ന്യൂയോര്‍ക്ക് നഗരത്തിലുമായി 607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. 2024-ല്‍ യുഎസ്സിലെ ആകെ അഞ്ചാംപനി ബാധിതരുടെ എണ്ണം 285 ആയിരുന്നു.

ആകെ രോഗികളില്‍ 196 പേര്‍ അഞ്ച് വയസിന് താഴെ പ്രായമുള്ളവരാണ്. അഞ്ചിനും 19-നും ഇടയില്‍ പ്രായമുള്ള രോഗികളുടെ എണ്ണം 240 ആണ്. 20 വയസിനുമേല്‍ പ്രായമുള്ള 159 രോഗികളും പ്രായം ലഭ്യമല്ലാത്ത 12 രോഗികളുമാണ് ഉള്ളത്. രോഗം ബാധിച്ച രണ്ടുകുട്ടികള്‍ ടെക്‌സാസില്‍ മരിച്ചു. ന്യൂ മെക്‌സിക്കോയിലെ മുതിര്‍ന്ന ഒരാളുടെ മരണം അഞ്ചാംപനി കാരണമാണോ എന്ന് സംശയിക്കപ്പെടുന്നു.

21 സംസ്ഥാനങ്ങളിലെ 22 ഇടങ്ങളാണ് സിഡിസിയുടെ കണക്ക് പ്രകാരം 'മീസില്‍സ് ഹോട്ട്‌സ്‌പോട്ടുകള്‍'. നിലവില്‍ രോഗം ബാധിച്ചവരില്‍ 74 പേരാണ് ആശുപത്രികളിലുള്ളത്. ഇതില്‍ 42 പേര്‍ അഞ്ച് വയസില്‍ താഴെ പ്രായമുള്ളവരും 19 പേര്‍ അഞ്ചിനും 19-നും ഇടയില്‍ പ്രായമുള്ളവരുമാണ്.


പ്രതിരോധ വാക്‌സിന്‍ വഴി തടയാന്‍ കഴിയുന്ന രോഗമാണ് അഞ്ചാംപനി. എംഎംആര്‍ വാക്‌സിനാണ് ഇതിനായി ഉപയോഗിക്കുന്നത്. മീസില്‍സ്, മംപ്‌സ് (മുണ്ടിനീര്), റുബെല്ല (ജര്‍മ്മന്‍ മീസില്‍സ്) എന്നീ മൂന്ന് രോഗങ്ങള്‍ക്കെതിരേയുള്ള വാക്‌സിനാണ് എംഎംആര്‍.

ഒരു വയസ് മുതല്‍ 15 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് എംഎംആര്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുക. ഇതിലൂടെ രോഗത്തിനെതിരെ 93 ശതമാനം സംരക്ഷണം ഉറപ്പാക്കാന്‍ കഴിയും. നാല് വയസിനും ആറ് വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നതോടെ സംരക്ഷണം 97 ശതമാനമായി ഉയരും.

എംഎംആര്‍ വാക്‌സിനെടുക്കേണ്ട കുട്ടികളില്‍ മൂന്നിലൊന്നുപേര്‍ക്കു വാക്‌സിന്‍ ലഭിച്ചിട്ടില്ല എന്നാണ് യുഎസ് മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024-ല്‍ 68.5 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചത്. 2020-ല്‍ ഇത് 77 ശതമാനത്തിന് മേലെ ആയിരുന്നു. 

Tags