യുവത്വത്തിന്‍റെ കഴിവുകള്‍ ടൂറിസവുമായി ചേര്‍ത്ത് പ്രയോജനപ്പെടുത്താനാകണം: മന്ത്രി പി.എ മുഹമ്മദ് റിയാസ്


തിരുവനന്തപുരം: യുവത്വത്തിന്‍റെ കഴിവുകള്‍ ടൂറിസം മേഖലയുമായി ചേര്‍ത്ത് പ്രയോജനപ്പെടുത്താനാകണമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കിറ്റ്സി (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ്) ല്‍ ടൂറിസം വകുപ്പും കേരള ടൂറിസം ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പ്പശാലയും നേതൃതല സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ക്ക് കഴിവുകള്‍ പ്രയോജനപ്പെടുത്താനും മുന്നോട്ടുവരാനുമുള്ള അവരസമൊരുക്കി കൊടുക്കുകയാണ് വേണ്ടതെന്നും ടൂറിസം ക്ലബ്ബ് വഴി ടൂറിസം വകുപ്പ് അതാണ് നിര്‍വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 500 ലേറെ കാമ്പസുകളില്‍ ടൂറിസം ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. അവയ്ക്ക് വിനോദസഞ്ചാര മേഖലയില്‍ വലിയ സ്വാധീനം സൃഷ്ടിക്കാനായിട്ടുണ്ട്.

പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തുന്നതും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുത്തുന്നതും ടൂറിസം ക്ലബ്ബുകളുടെ കൂടി ഉത്തരവാദിത്തമാണ്. ഹൈറേഞ്ച് ടൂറിസവുമായി ബന്ധപ്പെടുത്തി ട്രെക്കിങ്, ഹൈക്കിങ് പോയിന്‍റുകളുടെ മാപ്പ് തയ്യാറാക്കാന്‍ ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതില്‍ ടൂറിസം ക്ലബ്ബിന് നിര്‍ണായക സംഭാവന നല്‍കാനാകും.
പുതിയ സാഹചര്യത്തില്‍ ടൂറിസം മേഖലയിലെ മാര്‍ക്കറ്റിംഗിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് വീഡിയോ-റീല്‍സ് മത്സരം സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കും. ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വവും പരിപാലനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ടൂറിസം ക്ലബ്ബ് അംഗങ്ങളുടെ നിരന്തരമായ ശ്രദ്ധയുണ്ടാകണം. പ്രധാന ഡെസ്റ്റിനേഷനുകളില്‍ ഈ മാസം ശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലഹരി ദുരുപയോഗം അടക്കമുള്ള ഭീഷണികളില്‍ നിന്ന് വിദ്യാര്‍ഥികളുടെ ശ്രദ്ധ മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടേണ്ടത് അനിവാര്യമാണെന്നും ഇതില്‍ ടൂറിസം ക്ലബ്ബിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ കോളേജുകളിലെ ടൂറിസം ക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
ടൂറിസം സ്റ്റാര്‍ട്ടപ്പുകളുടെ അവസരങ്ങളും തൊഴില്‍ സാധ്യതകളും എന്ന സെഷനില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സിഇഒ അനൂപ് അംബിക സംസാരിച്ചു. ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ക്ക് അവരുടെ ജില്ലകളില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാകുന്ന ഡെസ്റ്റിനേഷനുകള്‍ തെരഞ്ഞെടുക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ കണ്ടെത്തുന്ന മികച്ച ആശയങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം കെഎസ് യുഎം പരിഗണിക്കുമെന്നും അനൂപ് അംബിക പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസത്തിന്‍റെ കേരളത്തിലെ സാധ്യതകള്‍ മനസ്സിലാക്കാനും ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ചെറുപ്പക്കാര്‍ക്ക് സാധിക്കണമെന്ന് 'ടൂറിസം ക്ലബ്ബിലൂടെയുള്ള ഉത്തരവാദിത്ത ടൂറിസം സാധ്യതകള്‍' എന്ന സെഷനില്‍ സംസാരിച്ച കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ് കുമാര്‍ കെ പറഞ്ഞു.ടൂറിസം മേഖലയിലെ കരിയര്‍ സാധ്യതകളെക്കുറിച്ച് കിറ്റ്സ് അസി. പ്രൊഫ. ബാബു രംഗരാജ് സംസാരിച്ചു.
കെടിഐഎല്‍ ചെയര്‍മാന്‍ എസ്കെ സജീഷ്, കിറ്റ്സ് ഡയറക്ടര്‍ ദിലീപ് എംആര്‍, കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ.ബി രാജേന്ദ്രന്‍, കേരള ടൂറിസം ക്ലബ്ബ് സംസ്ഥാന കോര്‍ഡിനേറ്റര്‍ സച്ചിന്‍ പി എന്നിവര്‍ സംബന്ധിച്ചു.ടൂറിസം ക്ലബ്ബ് ജില്ലാതല റിപ്പോര്‍ട്ട്, ഗ്രൂപ്പ് ചര്‍ച്ച, സംസ്ഥാന എക്സിക്യൂട്ടിവുകളുടെയും കൗണ്‍സില്‍ അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് എന്നിവയും നടന്നു.