സജീവമല്ലാത്ത മൊബൈൽ നമ്പറുകൾ നീക്കം ചെയ്യാനൊരുങ്ങി എൻപിസി ; യുപിഐ ഐഡികള്‍ നഷ്ടപ്പെടാം

upi
upi

സജീവമല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ച യുപിഐ ഐഡികള്‍ അണ്‍ലിങ്ക് ചെയ്യുമെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു . ഏപ്രില്‍ ഒന്ന് മുതല്‍ സജീവമല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിക്കപ്പെട്ട യുപിഐ ഐഡികള്‍ ഉപയോഗിക്കാനാവില്ല. റീച്ചാര്‍ജ് ചെയ്യാതെ പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായും മറ്റൊരാളുടെ പേരിലേക്ക് മാറിയ നമ്പറുകളുമായും ബന്ധിപ്പിച്ച യുപിഐ ഐഡികളാണ് ഏപ്രില്‍ ഒന്ന് മുതല്‍ വേര്‍പെടുത്തുക.

ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മൊബൈല്‍ നമ്പറുകള്‍ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യാനും ആ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ സേവനങ്ങള്‍ റദ്ദ് ചെയ്യാനുമാണ് എന്‍പിസിഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

സജീവമല്ലാത്ത മൊബൈല്‍ നമ്പറുകള്‍ ബാങ്കിങിലും യുപിഐ സംവിധാനത്തിലും സാങ്കേതിക കുഴപ്പങ്ങളുണ്ടാക്കുന്നതാണ് ഇങ്ങനെ ഒരു തീരുമാനത്തിന് കാരണം. ഇതിന് പുറമെ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ നിശ്ചിത കാലയളവില്‍ പ്രവര്‍ത്തനരഹിതമാവുകയും അത് പിന്നീട് മറ്റൊരാള്‍ക്ക് നല്‍കുകയും ചെയ്താല്‍ സംഭവിക്കാനിടയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഈ നീക്കത്തിലൂടെ സാധിക്കും.

പുതിയൊരു മൊബൈല്‍ നമ്പറിലേക്ക് മാറുകയും പഴയ മൊബൈല്‍ നമ്പര്‍ ഒഴിവാക്കുകയും ചെയ്തവരെയാണ് ഈ തീരുമാനം ബാധിക്കാന്‍ സാധ്യത. യുപിഐ അക്കൗണ്ടുകളില്‍ ഇപ്പോഴും പഴയ നമ്പറാണ് ബന്ധിപ്പിച്ചിട്ടുള്ളതെങ്കില്‍ അവ നീക്കം ചെയ്യപ്പെടും. നിങ്ങളുടെ യുപിഐ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ പഴയ നമ്പറിലാണെങ്കില്‍ ഏപ്രില്‍ ഒന്നിന് ശേഷം അത് പ്രവര്‍ത്തിക്കുകയില്ല.

ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ ഏതാണെന്ന് പരിശോധിക്കണം. അത് പഴയ മൊബൈല്‍ നമ്പറുകളാണെങ്കില്‍ പുതിയ നമ്പറിലേക്ക് മാറ്റണം. യുപിഐ ആപ്പുകളിലും ഈ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം.

Tags