ജമ്മു-ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഏപ്രിൽ 19ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


ഉദ്ധംപൂർ: ജമ്മുകാശ്മീർ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം ഏപ്രിൽ19ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
ജമ്മു റെയിൽവേയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താൽകാലികമായി കത്രയിൽ നിന്നാവും സർവീസ് തുടങ്ങുക. കാശ്മീർ താഴ്വരയെ മറ്റ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ബൃഹത്തായ സംവിധാനമായിരിക്കുമിതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 23ന് ശ്രീമാതാ വൈഷ്ണോയ് ദേവി കത്ര റെയിൽവേ സ്റ്റേഷനിൽനിന്ന് ശ്രീനഗർ റെയിൽവേ സ്റ്റേഷനിലേക്ക് വന്ദേഭാരതിൻറെ ആദ്യ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇന്ത്യയിലെ ആദ്യ കേബിൾ ബ്രിഡ്ജ് ആയ അഞ്ചി ഖാഡ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം എന്നിവയിലൂടെയും വന്ദേഭാരത് കടന്നുപോകും.

കാശ്മീറിലെ തണുത്ത കാലാവസ്ഥക്കിണങ്ങുന്ന രീതിയിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് വന്ദേഭാരത് ഇറക്കുമതി ചെയ്യുന്നതിന് ഇതിനോടകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.