സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർ കൊലപാതകികളാണെന്ന് പറഞ്ഞാൽ ജനങ്ങൾ മൂക്കത്തു വിരൽ വെച്ചു ചിരിച്ചു തള്ളും:എം.വി ജയരാജൻ


കണ്ണൂർ :മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധ കേസിൽ ശിക്ഷിക്കപ്പെട്ട സി പി എം പ്രവർത്തകർ കുറ്റവാളികളാണെന്ന് പാർട്ടി കാണുന്നില്ലെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം 'നേരത്തെ 10 പ്രതികളുണ്ടായിരുന്ന കേസിൽ ഒരാളെ വെറുതെ വിട്ടിരുന്നു. ബാക്കി ഒൻപതിൽ എട്ടു പേരെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതിയിൽ അപ്പീൽ പോവുമെന്നും ജയരാജൻ അറിയിച്ചു.
പാർട്ടിയുടെ മുൻ ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു ഇപ്പോൾ ശിക്ഷിക്കപ്പെട്ട പ്രഭാകരൻ മാസ്റ്റർ. നിരപരാധിയായ മുൻ ഏരിയാ സെകട്ടറി ടി.പി രവീന്ദ്രനെയും കേസിൽ പ്രതിയാക്കിയില്ലേ. അദ്ദേഹം വിചാരണ വേളയിൽ മരണപ്പെട്ടു. അല്ലെങ്കിൽ അദ്ദേഹവും ജയിൽ പോവേണ്ടി വന്നേനെ. ഇവരൊക്കെ പ്രതികളാണെന്ന് പറഞ്ഞാൽ ജനം മൂക്കത്ത് വിരൽ വച്ച് ചിരിച്ചു തള്ളുമെന്നും ജയരാജൻ പറഞ്ഞു.

കീഴ്കോടതിയുടെ വിധി അന്തിമമല്ല. ഇപ്പോൾ ശിക്ഷിക്കപെട്ടവരെ രക്ഷിച്ചെടുക്കാൻ നിയമത്തിൻ്റെ ഏതൊക്കെ വഴി ഉപയോഗിക്കാൻ സാധിക്കുമോ അതൊക്കെ ഉപയോഗിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.