ആശ സമരം 48-ാം ദിവസവും തുടരുന്നു

asha workers
asha workers

സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന സമരത്തെ അവഗണിക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് 48-ാം ദിവസവും അനിശ്ചിതകാല നിരാഹാര സമരം 10-ാം ദിവസവും പിന്നിടുന്നു. ഷൈലജ എസ്, ബീന പീറ്റര്‍, അനിതകുമാരി എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന സമരത്തെ അവഗണിക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്.

മാര്‍ച്ച് 19-ന് മന്ത്രി വിളിച്ച കൂടിക്കാഴ്ചയ്ക്ക് ശേഷം പിന്നീട് അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സമരം 50-ാം ദിവസം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 31-ന് സമരവേദിയില്‍ ആശാവര്‍ക്കര്‍മാര്‍ തങ്ങളുടെ മുടി മുറിച്ച് പ്രതിഷേധിക്കാനായി തീരുമാനിച്ചിരിക്കുന്നുവെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു. തലസ്ഥാനത്തെ പ്രതിഷേധത്തിന് സമാനമായുള്ള പരിപാടികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്നും മിനി കുട്ടിച്ചേര്‍ത്തു.

പുതുച്ചേരി സര്‍ക്കാര്‍ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് വെളിപ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് ഓണറേറിയം സ്വതന്ത്രമായി വര്‍ധിപ്പിക്കാം എന്നതാണ്. ഈ പശ്ചാത്തലത്തില്‍ പുതുച്ചേരിയെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തയ്യാറാകണമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദന്‍ ആവശ്യപ്പെട്ടു.

Tags