സൂരജ് വധക്കേസിലെ പ്രതികൾക്ക് നൂറു ചുവപ്പൻഅഭിവാദ്യങ്ങൾ മുഴക്കി സി.പി.എം നേതാക്കളും പ്രവർത്തകരും


തലശേരി: ബി.ജെ.പി പ്രവർത്തകൻ സൂരജിനെ വധിച്ച കേസിലെ പ്രതികൾക്ക് “നൂറുചുവപ്പൻ അഭിവാദ്യങ്ങൾ”; കുറ്റവാളികൾക്ക് പിന്തുണയറിയിച്ച് സിപിഎം നേതാക്കളും പ്രവർത്തകരും കോടതി പരിസരത്ത് മുദ്രാവാക്യം മുഴക്കി. പ്രതികളെ ശിക്ഷാപ്രഖ്യാപനത്തിന് ശേഷം നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ നിന്നും പൊലിസ് വാഹനത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് കോടതി കവാടത്തിൽ നിന്നും നേതാക്കളും പ്രവർത്തകരും മുഷ്ടി ചുരുട്ടി വിപ്ളവാഭിവാദ്യങ്ങൾ അർപിച്ചു മുദ്രാവാക്യം മുഴക്കിയത്.
സൂരജ് വധക്കേസിലെ കുറ്റവാളികൾക്ക് അഭിവാദ്യമർപ്പിക്കുന്നതിനായി സിപിഎം പ്രവർത്തകർ വിധി പ്രഖ്യാപന ദിവസമായ തിങ്കളാഴ്ച്ച രാവിലെ 10 മുതൽ കോടതി വളപ്പിലെത്തിയിരുന്നു.രാവിലെ 11 ന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി ഉത്തരവിന് ശേഷം നിയമനടപടികൾ പൂർത്തിയാക്കി വൈകിട്ട് മൂന്ന് മണിയോടെ പുറത്തേക്ക് വന്ന പ്രതികളെ മുദ്രാവാക്യം വിളികളോടെയാണ് സിപിഎം പ്രവർത്തകരും നേതാക്കളുംസ്വീകരിച്ചത്. സിപിഎമ്മിന്റെ പ്രാദേശികനേതാക്കളും പ്രധാനപ്പെട്ട നേതാക്കളും തലശേരി ഏരിയാ സെക്രട്ടറി അടക്കമുള്ളവരും കോടതിപരിസരത്തുണ്ടായിരുന്നു. കോടതി മുറിയിൽ നിന്ന് പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകാൻ വാനിൽ കയറ്റുമ്പോൾ കുറ്റവാളികൾക്ക് അഭിവാദ്യം അർപ്പിച്ചാണ് സിപിഎം യാത്രയാക്കിയത്.

ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് സിപിഎം പ്രവർത്തകരായ എട്ട് പേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 മുതൽ 6 വരെയുള്ള പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം തടവ്. ഇവർ 50,000 രൂപ പിഴയും ഒടുക്കണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷ് എന്നിവരടക്കം 8 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ. 11-ാം പ്രതി പ്രദീപന് 3 വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു.
2005 ഓഗസ്റ്റ് ഏഴിനാണ് ബിജെപി പ്രവർത്തകനായ സൂരജ് കണ്ണൂർ മുഴപ്പിലങ്ങാട് ടൗണിൽ വച്ച് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വിരോധമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ,കാരായി ചന്ദ്രശേഖരൻ, എം.സി രമേശൻ, കെ.വി ബിജു തുടങ്ങിയവർ കോടതിയിലെത്തിയിരുന്നു.