തൃച്ചംബരം ക്ഷേത്രോത്സവത്തിന് പരിസമാപ്തി ; വികാരനിർഭരമായി കൂടിപ്പിരിയൽ


ഒഴുകിയെത്തിയ ഭക്ത ജനങ്ങളിൽ വിരഹവേദനയുയർത്തി ബലരാമകൃഷ്ണൻമാർ കൂടിപ്പിരിഞ്ഞു. കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 14 നാള്‍ നീണ്ടു നിന്ന ഉത്സവം ഭക്തിനിര്‍ഭരമായ കൂടിപ്പിരിയല്‍ ചടങ്ങോടെ സമാപിച്ചു .
ബലരാമകൃഷ്ണന്മാരുടെ ലീലകളാല്‍ സമ്മോഹനമാണ് കുംഭത്തില്‍ കൊടിയേറുന്ന തൃച്ചംബരം ക്ഷേത്രോത്സവം. കളിയിൽ ഹരം കയറിയ ജ്യേഷ്ഠാനുജന്മാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലെക്കൊന്നും എത്താതായപ്പോൾ ലോകത്ത് ആകമാനം അരാജകത്വം തുടങ്ങി എന്നും ഇത് അവസാനിപ്പിക്കാൻ ഇരുവരുടെയും ശ്രദ്ധ തിരിച്ച് കളിയവസാനിപ്പിക്കാൻ ക്ഷേത്രത്തിലേക്കുള്ള പാല്പായസത്ത്തിനു പാൽ എത്തിക്കുന്ന പാലമൃതന്റെ ശിരസ്സിൽ ഒരു കുടം പാലുമായി ഇവരുടെ കളിസ്ഥലത്തേക്കു പറഞ്ഞുവിട്ടു.
നിറഞ്ഞു തുളുമ്പുന്ന പാൽക്കുടവുമായി വരുന്ന പാലമൃതനെ കണ്ടു കളി മറന്നു, ഏട്ടനെ മറന്നു, പാലിന് പിന്നാലെ കുഞ്ഞികൃഷ്ണൻ ഓടി എന്നാണു ഐതിഹ്യം. ഇതിന്റെ പുനാവിഷ്ക്കാരമാണ് കൂടിപ്പിരിയാൽ ചടങ്ങ്. ശിരസിൽ പാൽക്കുടവുമായി കളിക്കിടയിലെക്ക് വരുന്ന പാലമൃതനെ കണ്ടു ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും ഈ ഉത്സവകാലത്ത്തിന്റെ പരിസമാപ്തിയാണ് കുറിക്കുന്നത്.
കണ്ടു നിൽക്കുന്നവരുടെ പോലും മനസ്സിൽ വിഷമം ജനിപ്പിച്ച് കൊണ്ടുള്ള ബലഭദ്രസ്വാമിയുടെ മടക്കയാത്ര അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പിനു കൂടി തുടക്കമിടുകയാണ്.
തളിപ്പറമ്പ് ദേശക്കാരുടെ ഒരു വര്ഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും തൃച്ചംബരം ഉത്സവത്തെ അടിസ്ഥാനമാക്കി ആണെന്ന ചൊല്ല് അന്വർത്ഥമാക്കുന്നത് കൂടിയാണ് ആ കാത്തിരിപ്പ്.
