ലഹരി വില്‍പ്പന കൊണ്ട് അനധികൃതമായി സമ്പാദിച്ചതെല്ലാം കണ്ടുകെട്ടും; നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്

Everything illegally acquired through drug sales will be confiscated Wayanad Police to take action
Everything illegally acquired through drug sales will be confiscated Wayanad Police to take action

ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കര്‍ശന നടപടികളാണ് വയനാട് പോലീസ് സ്വീകരിക്കുന്നത്

കല്‍പ്പറ്റ: ലഹരി വില്‍പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച്  കണ്ടുകെട്ടാനുള്ള നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്. മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികള്‍ പിടിയിലായ സംഭവത്തിലാണ് സ്വത്ത് കണ്ടുകെട്ടല്‍ നടപടി പുരോഗമിക്കുന്നത്. ഒന്നാം പ്രതി കൈതപ്പൊയില്‍, പുതുപ്പാടി സ്വദേശി ഷംനാദ്(44)ന്റെ കെ.എല്‍ 11 എ.പി 2244 ഫോര്‍ഡ് ഫിഗോ കാര്‍ കണ്ടുകെട്ടുന്നതിനായുള്ള വയനാട് പോലീസിന്റെ റിപ്പോര്‍ട്ട് ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അഥോറിറ്റി (സഫേമ) അംഗീകരിച്ച് ഉത്തരവിറക്കി.

ഇതുപ്രകാരം കാർ കണ്ടുകെട്ടി. രണ്ടാം പ്രതി കോഴിക്കോട് ഈങ്ങാപ്പുഴ, ആലിപറമ്പില്‍ വീട്ടില്‍, എ.എസ്. അഷ്‌ക്കര്‍(28)ന്റെ കെ.എല്‍. 65 എന്‍ 0825 എത്തിയോസ് ലിവ കാര്‍, കെ.എല്‍. 57 വൈ. 1373 ബുള്ളറ്റ് എന്നിവയും കണ്ടുകെട്ടുന്നതിനായുള്ള റിപ്പോര്‍ട്ട് സഫേമക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ഹിയറിങ്ങ് നടക്കും.

2024 ആഗസ്റ്റ് ആറിനാണ് 1.198 കിലോഗ്രാം എം.ഡി.എം.എയുമായി ഷംനാദിനെയും അഷ്‌ക്കറിനെയും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇരുവരും ചേര്‍ന്ന് ബാംഗളൂരില്‍ നിന്ന് എം.ഡി.എം.എ വാങ്ങി ലോറിയില്‍ ഡ്രൈവര്‍ ക്യാബിനുള്ളില്‍ സ്പീക്കര്‍ ബോക്സ്സിനടുത്ത് ഒളിപ്പിക്കുകയായിരുന്നു. കോഴിക്കോടും മലപ്പുറത്തും വില്‍പ്പന നടത്തുന്നതിനായുള്ള  നീക്കമാണ് പോലീസ് പൊളിച്ചത്. 

ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കര്‍ശന നടപടികളാണ് വയനാട് പോലീസ് സ്വീകരിക്കുന്നത്. എന്‍.ഡി.പി.എസ് നിയമം മൂലം ലഹരി സംഘത്തെ തളക്കാനാണ് പൊലിസിന്റെ നീക്കം. അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാല്‍ ലഹരികടത്ത് സംഘാംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ നിയമമുണ്ട്. ഇത്തരത്തില്‍  ലഹരി സംഘങ്ങളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നീക്കം ജില്ലയിലുടനീളം പോലീസ് തുടങ്ങിയിട്ടുണ്ട്.

Tags