കളി തോറ്റാല്‍ മുതലാളിക്ക് കോപം, ജയം ഉറപ്പിച്ച കളി തോറ്റയുടന്‍ ഋഷഭ് പന്തിനെ മൈതാനത്തിറങ്ങി കണ്ട് ഗോയങ്ക, പ്രതിഫലം 27 കോടി രൂപ, പന്തിന് കടുത്ത സമ്മര്‍ദ്ദമോ?

sanjiv goenka
sanjiv goenka

മെഗാ ലേലത്തില്‍ റെക്കോര്‍ഡ് തുകയായ 27 കോടി രൂപ മുടക്കിയാണ് ഋഷഭ് പന്തിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക എത്തിച്ചത്.

ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണിലെ ആദ്യ കളിയില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനോട് തോറ്റതിന്റെ ആഘാതത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ജയം ഉറപ്പാക്കിയ കളിയിലെ അവസാന ഓവറില്‍ അവിശ്വസനീയമായവിധം ടീം തോറ്റു. ഇതോടെ പുതിയ ക്യാപ്റ്റനായെത്തിയ ഋഷഭ് പന്ത് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. കളിയില്‍ റണ്ണെടുക്കാതെ പുറത്തായ പന്ത് അവസാന ഓവറിലെ സ്റ്റമ്പിങ് വിട്ടുകളഞ്ഞതാണ് തോല്‍വിക്ക് കാരണമായയത്.

മെഗാ ലേലത്തില്‍ റെക്കോര്‍ഡ് തുകയായ 27 കോടി രൂപ മുടക്കിയാണ് ഋഷഭ് പന്തിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക എത്തിച്ചത്. 2024 സീസണില്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പരസ്യമായി ശാസിച്ചവ്യക്തിയാണ് ഗോയങ്ക. അതുകൊണ്ടുതന്നെ, ഇക്കുറി പന്ത് കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് എല്‍എസ്ജി തോറ്റതിന് തൊട്ടുപിന്നാലെ ഗോയങ്ക മൈതാനത്തിറങ്ങി ഋഷഭ് പന്തുമായി സംസാരിക്കുന്നത് കാണാം. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡിസി ആറ് വിക്കറ്റിന് 113 എന്ന നിലയില്‍ നിന്നാണ് തിരിച്ചുവന്നത് ഗോയങ്കയ്ക്ക് ക്ഷമിക്കാവുന്ന കാര്യമല്ല.

എല്‍എസ്ജിയില്‍ ക്യാപ്റ്റനും കളിക്കാരനുമായി അരങ്ങേറ്റം കുറിച്ച പന്തിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 420 ല്‍ കൂടുതല്‍ റണ്‍സ് നേടുകയും അഞ്ച് ബാറ്റര്‍മാര്‍ 200 ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുകയും ചെയ്ത മത്സരത്തില്‍, ആറ് പന്തില്‍ റണ്ണെടുക്കാതെയാണ് ഋഷഭ് പന്ത് പുറത്തായത്. എല്‍എസ്ജി യൂണിറ്റിലെ ഏറ്റവും പരിചയസമ്പന്നനായ ബൗളറായ ശാര്‍ദുല്‍ താക്കൂറിന് ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് ലഭിച്ചിട്ടും രണ്ട് ഓവര്‍ മാത്രമേ എറിയാന്‍ കഴിഞ്ഞുള്ളൂയെന്നത് ക്യാപ്റ്റന്‍സിയുടെ പോരായ്മയാണ്.

അവസാന രണ്ട് ഓവറില്‍ 22 റണ്‍സ് വേണ്ടിവന്നപ്പോള്‍ പോലും, ശാര്‍ദുലിന് പകരം പന്ത് അനുഭവപരിചയമില്ലാത്ത പ്രിന്‍സ് യാദവിനെ എത്തിച്ചു. രണ്ട് ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടെ 16 റണ്‍സാണ് യുവ പേസര്‍ വഴങ്ങിയത്. അടുത്ത കളികളില്‍ മികച്ച രീതിയില്‍ തിരിച്ചുവരാനായില്ലെങ്കില്‍ ഗോയങ്ക പന്തിന് പകരം മറ്റൊരു ക്യാപ്റ്റനെ നിയമിക്കാനുള്ള സാധ്യത ഏറെയാണ്.

 

Tags

News Hub