ബിഹാറിൽ 16കാരിയെയും പിതാവിനേയും വെടിവെച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു


പട്ന: ബിഹാറിലെ ആര റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയേയും പിതാവിനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. 16കാരിയും പിതാവുമാണ് വെടിയേറ്റ് മരിച്ചത്. ഇരുവരേയും കൊലപ്പെടുത്തിയതിന് ശേഷം യുവാവ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
പ്ലാറ്റ്ഫോം രണ്ടിനേയും മൂന്നിനേയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് വെടിവെപ്പുണ്ടായത്. അമൻ കുമാർ എന്നയാളാണ് കൊലപാതകം നടത്തിയത്. കൗമാരക്കാരിയായ ജിയ കുമാർ പിതാവ് അനിൽ സിൻഹ എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ സ്വയം വെടിവെക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കൊലപാതകത്തിന്റെ കാരണമെന്താണെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോക്കൽ പൊലീസ് അറിയിച്ചു. പെൺകുട്ടിയും യുവാവും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരെ സംഭവസ്ഥലത്ത് പരിശോധന നടത്തുന്നതിനായി അയച്ചിട്ടുണ്ടെന്ന് ഭോജ്പൂർ ജില്ലാ സൂപ്രണ്ട് അറിയിച്ചു.

ഇയാൾ ആക്രമണം നടത്താൻ ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തിട്ടുണ്ടെന്നും അമൻ കുമാർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഡൽഹിയിലേക്ക് ട്രെയിൻ കയറുന്നതിന് വേണ്ടിയാണ് ജിയ കുമാരിയും പിതാവും സ്റ്റേഷനിലെത്തിയതെന്നും പൊലീസ് അറിയിച്ചു.