കുവൈത്തിലെ റാഫിള്‍ നറുക്കെടുപ്പില്‍ കൃത്രിമം കാണിച്ച സംഭവം ; ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കുവൈത്ത് കൊമേഴ്‌സ് അണ്ടര്‍ സെക്രട്ടറി രാജിവച്ചു

kuwait
kuwait

ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും കാലക്രമേണ വര്‍ദ്ധിച്ചുവരുന്ന ഒരു ദീര്‍ഘകാല പ്രശ്നമാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍സെക്രട്ടറി സിയാദ് അല്‍-നജെം വെളിപ്പെടുത്തി.

കുവൈത്തിലെ റാഫിള്‍ നറുക്കെടുപ്പില്‍ കൃത്രിമം കാണിച്ച സംഭവത്തെ തുടര്‍ന്ന് കുവൈത്ത് കൊമേഴ്സ് അണ്ടര്‍സെക്രട്ടറി രാജിവച്ചു. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും കാലക്രമേണ വര്‍ദ്ധിച്ചുവരുന്ന ഒരു ദീര്‍ഘകാല പ്രശ്നമാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍സെക്രട്ടറി സിയാദ് അല്‍-നജെം വെളിപ്പെടുത്തി. 'മന്ത്രാലയത്തിലെ ഏതെങ്കിലും പ്രത്യേക കക്ഷിയെ കുറ്റപ്പെടുത്താനോ ഉത്തരവാദിത്തപ്പെടുത്താനോ ഞാന്‍ ഇവിടെയില്ല. എന്നിരുന്നാലും, ധാര്‍മ്മിക ഉത്തരവാദിത്തബോധം കാരണം ഞാന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചു'-രാജിയെത്തുടര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അല്‍-നജെം പറഞ്ഞു.

അത്തരം വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യങ്ങളില്‍ എനിക്ക് എന്റെ റോളില്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസി യുവതിയെയും ഭര്‍ത്താവിനെയും വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഒരു പൗരനെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. 2023 മുതല്‍ തുടങ്ങിയ നറുക്കെടുപ്പ് തട്ടിപ്പ് കൂടുതല്‍ പേരിലേക്കാണ് എത്തുന്നത്, 7 കാറുകള്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പിന്റെ ദുരൂഹത നിറഞ്ഞ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. നറുക്കെടുക്കുന്ന മന്ത്രാലയ പ്രതിനിധി സമ്മാനകൂപ്പണ്‍ തന്റെ വസ്ത്രത്തിന്റെ നീണ്ട കൈകള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ചതായി സംശയിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നറുക്കെടുപ്പില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

സുരക്ഷാ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, സമ്മാനത്തുകയായ കാറിന്റെ ഉടമസ്ഥാവകാശം യുവതി ഈജിപ്ഷ്യന്‍ പൗരനായ ഭര്‍ത്താവിന് കൈമാറി. തുടര്‍ന്ന് ഈജിപ്തിലേക്ക് രക്ഷപ്പെടുന്നതിനായി ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. അന്വേഷണത്തില്‍ ഈ യുവതി നാല് കാറുകള്‍ മുന്‍ നറുക്കെടുപ്പുകളില്‍ കൃത്രിമം കാണിച്ച് നേടിയതായി സംശയിക്കുന്നുണ്ട്. വിജയികളെ മുന്‍കൂട്ടി തീരുമാനിച്ച്  വിജയികളില്‍ നിന്ന് വന്‍തോതില്‍ പണം കൈപ്പറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ ലഭിച്ചു. 200 മുതല്‍ 600 ദിനാര്‍ വരെയാണ് ഇവര്‍  വിജയികളില്‍ നിന്നും കൈപ്പറ്റിയത്. 

Tags