പാലക്കാട് വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

arrest1
arrest1


പാലക്കാട്: വാളയാര്‍ വട്ടപ്പാറ ആറ്റുപ്പതിയില്‍ ദേശീയപാതയോരത്തെ ചെറുകിട വ്യാപാര സ്ഥാപനത്തിലെ വീട്ടമ്മയെ ആക്രമിച്ച് കഴുത്തില്‍ നിന്ന് രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണമാല തട്ടിപ്പറിച്ചെടുത്ത കേസില്‍ 2 പേര്‍ അറസ്റ്റില്‍.

ഒട്ടേറെ കേസുകളിലെ പ്രതിയും തമിഴ്‌നാട്ടിലെ പിടികിട്ടാപ്പുള്ളിയും അന്തര്‍ സംസ്ഥാന മോഷ്ടാവുമായ കോയമ്പത്തൂര്‍ വേദപ്പട്ടി സീരനായ്ക്കന്‍പാളയം സ്വദേശി അഭിലാഷ് (28), പോക്‌സോ, ബൈക്ക് മോഷണം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ ധരണി (18) എന്നിവരെയാണ് വാളയാറിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


നൂറോളം ക്യാമറകളുടെ പരിശോധനയ്ക്കു ശേഷമാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇരു വശത്തും നമ്പരില്ലാത്ത സ്‌പോര്‍ട്‌സ് ബൈക്കില്‍ മുഖംമൂടിയണിഞ്ഞാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ജില്ലാ പോലീസ് മേധാവി കെ. അജിത്കുമാര്‍, എ.എസ്.പി രാജേഷ് കുമാര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ. പ്രമോദ്. ബി, എ.എസ്.ഐ. നൗഷാദ്, സീനിയര്‍ സി.പി.ഒ ആര്‍. രഘു, ജയപ്രകാശ്, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags

News Hub