'വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണം';ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ


കേസില്‍ മാതാപിതാക്കളെ പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്
പാലക്കാട് : വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. കേസില്‍ മാതാപിതാക്കളെ പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്. സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.
സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയതെന്നും ഹര്‍ജിയില്‍ മാതാപിതാക്കൾ ആരോപിക്കുന്നു. സിബിഐയുടേത് ആസൂത്രിതമായ അന്വേഷണമെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. അധികാര ദുര്‍വിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നും ഹർജിയിൽ മാതാപിതാക്കൾ വാദിക്കുന്നു.
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കൂടുതല്‍ കേസുകളില്‍ സിബിഐ പ്രതിചേര്‍ത്തിരുന്നു. നേരത്തെ ആറ് കേസുകളില്‍ ഇവരെ പ്രതിയാക്കി കുറ്റപത്രവും സമർപ്പിച്ചിരുന്നു. ഈ കേസുകളിലെല്ലാം ഇരുവര്‍ക്കുമെതിരെ സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമെല്ലാമുണ്ടെന്ന് കേസ് പരിഗണിക്കവെ സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.