രണ്ടാഴ്ച മുന്‍പ് വിവാഹം; നവവധു കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

murder
murder

ദിലീപിന്റെ സഹോദരന്‍ സഹര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. ദിലീപ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ പ്രഗതി യാദവ്, കാമുകന്‍ അനുരാഗ് യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദിലീപിന്റെ സഹോദരന്‍ സഹര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്. ദിലീപിനെ കൊലപ്പെടുത്താന്‍ പ്രഗതിയും അനുരാഗും രാമാജി ചൗധരി എന്ന വാടക കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ഇയാള്‍ക്ക് പ്രതികള്‍ രണ്ട് ലക്ഷം രൂപ നല്‍കിയതായും പൊലീസ് പറഞ്ഞു.
പ്രഗതിയും അനുരാഗ് യാദവും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധം കുടുംബം അംഗീകരിച്ചിരുന്നില്ല. മാര്‍ച്ച് അഞ്ചിന് ദിലീപുമായി പ്രഗതിയുടെ വിവാഹം നടത്തി. വിവാഹ ശേഷം ബന്ധം തുടരുന്നതിന് ദിലീപ് തടസ്സമായതോടെയാണ് അരുംകൊല നടത്താന്‍ പ്രഗതിയും അനുരാഗും തീരുമാനിച്ചത്. അങ്ങനെ വാടക കൊലയാളിയെ കണ്ടെത്തി ക്വട്ടേഷന്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ വാടക കൊലയാളി വെടിവെയ്ക്കുകയായിരുന്നു.


മാര്‍ച്ച് പത്തൊന്‍പതിനായിരുന്നു ഈ സംഭവം നടന്നത്. വെടിയേറ്റ് ചോര വാര്‍ന്ന നിലയില്‍ ദിലീപിനെ വീടിന് സമീപത്തെ വയലില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ദിലീപിനെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. നില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ തൊട്ടടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു.

Tags

News Hub