എംഎം മണിയെ ചിമ്പാന്‍സിയാക്കി മഹിളാ കോണ്‍ഗ്രസ്, പിന്തുണച്ച് സുധാകരന്‍, ചീഫ് സെക്രട്ടറിയുടെ കറുപ്പ് വിവാദം ചര്‍ച്ചയാകുമ്പോള്‍ വെട്ടിലായി കോണ്‍ഗ്രസ്

mm mani mahila congress
mm mani mahila congress

എംഎം മണിയെ ചിമ്പാസിയായി ചിത്രീകരിച്ച് മഹിളാ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത് വിവാദമായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ എതിര്‍ത്തില്ലെന്ന് മാത്രമല്ല കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പിന്തുണയ്ക്കുകയും ചെയ്തു.

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ തിരികൊളുത്തിയ കറുപ്പ് വിവാദം ചര്‍ച്ച ചെയ്യുകയാണ് കേരളം. കറുപ്പിന്റെ പേരിലും സ്ത്രീയെന്നതിനാലും അധിക്ഷേപം നേരിട്ടെന്ന് ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ വലിയ രീതിയിലാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്.

തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ മോശം പരാമര്‍ശം നടത്തിയെന്ന് ശാരദ മുരളീധരന്‍ തുറന്നുപറഞ്ഞു. ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തനകാലഘട്ടം കറുപ്പും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായി വി. വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശം.

കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് അത്രയും മനോഹരമായ നിറമാണെന്നും കുറിപ്പില്‍ ചീഫ് സെക്രട്ടറി പറയുന്നു. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നതെന്നും പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അതെന്നും അവര്‍ കുറിച്ചു.

ഇതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ശാദര മുരളീധരനെ പിന്തുണച്ച് രംഗത്തെത്തി. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു എന്നാണ് വിഡി സതീശന്റെ പ്രതികരണം.

ശാരദ മുരളീധരന്റെ കുറിപ്പും പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണിയെ കോണ്‍ഗ്രസുകാര്‍ അധിക്ഷേപിച്ചത് ഒരുവിഭാഗം ഓര്‍മപ്പെടുത്തി.

എംഎം മണിയെ ചിമ്പാസിയായി ചിത്രീകരിച്ച് മഹിളാ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത് വിവാദമായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ എതിര്‍ത്തില്ലെന്ന് മാത്രമല്ല കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പിന്തുണയ്ക്കുകയും ചെയ്തു.

അതുതന്നയല്ലേ, മണിയുടെ മുഖമെന്നും ഒര്‍ജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോയെന്നും സുധാകരന്‍ ചോദിക്കുകയുണ്ടായി. സ്രഷ്ടാവിനോട് പറയുകയല്ലാതെ എന്ത് ചെയ്യാം. സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ മാന്യതയാണ്. മണിക്ക് അതൊന്നുമില്ലല്ലോയെന്നും സുധാകരന്‍ പറഞ്ഞു.

മണിയെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന് പിന്നാലെ കട്ടൗട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിപ്പിച്ചിരുന്നു. ചിമ്പാന്‍സിയുടെ ഉടലും മണിയുടെ തലയും വെച്ച ചിത്രമുള്ള കട്ടൗട്ടുമായി ആയിരുന്നു മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.

Tags

News Hub