കണ്ണൂർ മാടായി കോളേജ് നിയമനം റദ്ദാക്കാൻ കോൺഗ്രസ് പ്രവർത്തകർ ഹൈക്കോടതിയിൽ ഹരജി നൽകി


പഴയങ്ങാടി: മാടായി കോളേജ് നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക് മാറുന്നു. എം കെ രാഘവൻ എം.പി ചെയർമാനായ കോളേജിലെ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഹരജി നൽകി. കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകരാണ് ഹരജി നൽകിയത്. രാഘവന്റെ ബന്ധുവിന്റേത് ഉൾപ്പെടെ നാല് നിയമനങ്ങൾ റദാക്കണമെന്നാണ് ഇവരുടെ ആവശ്യം. പണം വാങ്ങിയാണ് നിയമനമെന്നും നടപടിക്രമം പാലിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബന്ധുവായ സിപിഎം പ്രവർത്തകന് എം കെ രാഘവൻ എംപി നിയമനം നൽകിയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. തർക്കങ്ങൾ പരിഹരിക്കാൻ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കോളേജിലെ അനധ്യാപക തസ്തികയിൽ കല്യാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്. എം പി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നൽകിയത് കൂടുതൽ പ്രകോപനമായി.

ഇതിൽ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കൾക്കെതിരെ നടപടി എടുക്കുകയും പിന്നീട് കെപിസിസി സമിതി നിർദേശത്തെ തുടർന്ന് അത് പിൻവലിക്കുകയം ചെയ്തിരുന്നു. അഭിമുഖത്തിനായി എത്തിയ എം.കെ രാഘവൻ എം.പിയെ വഴിയിൽ തടയുകയും ആണ്ടൻ കൊവ്വലിലെ തറവാട്ട് വീട്ടിലേക്ക് പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തിരുന്നു. സ്ത്രീകൾ ഉൾപെടെയുള്ള പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ എം.കെ രാഘവൻ എം.പി യുടെ കോലം കത്തിച്ചിരുന്നു. വിഷയം രൂക്ഷമായതിനെ തുടർന്ന് കെ.പി.സി.സി മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ചെയർമാനാക്കി ഒരു അന്വേഷണ കമ്മിഷനെ വെച്ചിരുന്നു. പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും മൂന്നംഗ സമിതി പ്രതിഷേധക്കാരിൽ നിന്നും മൊഴിയെടുത്ത് റിപ്പോർട്ട് സമർപിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല.