ബെംഗളൂരുവില്‍ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി ; വിവാഹേതര ബന്ധമുള്ളതിനാലെന്ന് മൊഴി

arrest
arrest

തനിക്ക് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യശ്വസിനി ലോക്‌നാഥിനെ കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവന്നു.

വിവാഹേതര ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ 37 കാരനെ ഭാര്യയും ഭാര്യമാതാവും ചേര്‍ന്ന് കൊലപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ലോക്‌നാഥ് സിങിനെയാണ് ഭാര്യ യശ്വസിനിയും മാതാവ് ഹേമ ഭായിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

യശ്വസിനിയുടെ വീട്ടില്‍ ലോക്‌നാഥുമായുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു അവര്‍ കണ്ടെത്തിയ പ്രശ്‌നം. ഇതോടെ യശ്വസിനിയും ലോക്‌നാഥും ബന്ധം രഹസ്യമായി സൂക്ഷിച്ചു. 2024 ല്‍ കുടുംബാംഗങ്ങള്‍ അറിയാതെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് ശേഷം യശ്വസിനി സ്വന്തം വീട്ടില്‍ തന്നെ തുടരുകയും ചെയ്തു. എന്നാല്‍ രണ്ടാഴ്ച മുന്‍പ് യശ്വസിനിയുടെ കുടുംബം വിവരം അറിഞ്ഞു.

ഈ സമയം തന്നെയാണ് ലോക്‌നാഥിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചും നിയമ വിരുദ്ധമായ ബിസിനസുകളെപ്പറ്റിയും യശ്വസിനി അറിയുന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ലോക്‌നാഥ് യശ്വസിനിയേയും മാതാവിനേയും ഭീഷണിപ്പെടുത്തി. ഇതോടെ ലോക്‌നാഥിനെ കൊലപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടു.

തനിക്ക് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യശ്വസിനി ലോക്‌നാഥിനെ കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവന്നു. ഇതിന് തൊട്ടു മുന്‍പായി ലോക്‌നാഥിന് യശ്വസിനി ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയിരുന്നു. ഈ സമയം കാറിനെ പിന്തുടര്‍ന്ന് ഹേമ ഭായി ഓട്ടോയില്‍ സ്ഥലത്തെത്തി. പിന്നാലെ യശ്വസിനിയും മാതാവും ചേര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു. ഏറെ നേരമായി കാര്‍ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.


 

Tags

News Hub