പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പ്രതികൾക്ക് തടവ് ശിക്ഷ


മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പലതവണ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർക്ക് 20 വർഷം കഠിന തടവ് വിധിച്ചു. മംഗളൂരു ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതി (രണ്ട്) അഡീ. ജില്ല സെഷൻസ് ജഡ്ജി കെ.എസ്. മനുവാണ് പ്രതികളായ മുഹമ്മദ് ഷക്കീർ (സക്കീർ-28), അബ്ദുൾ സമദ് (സമദ്-31), അഭിജിത്ത് (അഭി-30) എന്നിവർക്ക് തടവും 40,000 രൂപ പിഴയും വിധിച്ചത്.
പെൺകുട്ടിയെ 2021 ഡിസംബർ ഏഴിന് തൊക്കോട്ട് ബസ് സ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുപോയി കാസർകോട് മഞ്ചേശ്വരത്തെ ലോഡ്ജ് മുറിയിൽ പാർപ്പിച്ചത് ഷക്കീറും സമദും ആണെന്ന് പ്രോസിക്യൂട്ടർ കെ. ബദരീനാഥ് നായർ തെളിവ് ഹാജരാക്കിയിരുന്നു. 2021 ഡിസംബർ 11നാണ് മദ്യവും കഞ്ചാവും കൊടുത്ത് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. മൊത്തം പിഴത്തുകയായ 1.65 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം. ഇരക്ക് ജില്ല ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്ന് നഷ്ടപരിഹാര പദ്ധതി പ്രകാരം 2.35 ലക്ഷം രൂപ ലഭിക്കാൻ അർഹതയുണ്ടെന്ന് ജഡ്ജി പറഞ്ഞു.