ഇന്ത്യൻ മഹാസമുദ്രത്തിൽ ആണവ ബോംബറുകൾ വിന്യസിച്ച് യു.എസ്


വാഷിംങ്ടൺ : ഇറാനുമായുള്ള ഉരസലിനിടെ യു.എസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയ ദ്വീപിലെ ക്യാമ്പ് തണ്ടർ ബേയിൽ ആണവ ശേഷിയുള്ള ആറ് ബി-2 ബോംബർ വിമാനങ്ങൾ വിന്യസിച്ചതായി റിപ്പോർട്ട്. പ്ലാനറ്റ് ലാബ്‌സ് ഏജൻസി വിശകലനം ചെയ്ത ഉപഗ്രഹ ഫോട്ടോകളിൽ ആണ് കഴിഞ്ഞ ആഴ്ച മുതൽ ഡീഗോ ഗാർസിയയിൽ ബി-2 ബോംബറുകളുടെ സാന്നിധ്യം കണ്ടത്. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് ടെഹ്‌റാനും വാഷിംങ്ടണും തമ്മിലുള്ള വാക്പോര് ചൂടുപിടിക്കാൻ തുടങ്ങിയതിനു പിന്നാലെയാണിത്.
ആണവ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇക്ക് രണ്ട് മാസത്തെ അന്ത്യശാസനം നൽകിയിരുന്നു. അതിനിടയിലാണ് ഇസ്രായേലും യു.എസും ഇറാനിയൻ സൈനിക ആസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന ആശങ്കയേറ്റുന്ന പുതിയ സൂചന. ജൂത രാഷ്ട്രം ഇറാനെ ആക്രമിക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
