വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ക്ക് തുടക്കമായി

Vagamon International Paragliding Competitions Begin
Vagamon International Paragliding Competitions Begin

ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ തുടക്കമായി. സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് മത്സരങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു.

ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പതിനൊന്ന് വിദേശ രാജ്യങ്ങളില്‍ നിന്നായി 49 മത്സരാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മൊത്തം 15 വിദേശ താരങ്ങളും മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. മാര്‍ച്ച് 23 ഞായറാഴ്ച വരെയാണ് മത്സരങ്ങള്‍. ഇടുക്കി ടൂറിസം ഡെ. ഡയറക്ടര്‍ ഷൈന്‍ കെ എസ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വണ്‍ അഡ്വഞ്ചര്‍ പ്രതിനിധി വിനില്‍ തോമസ്, പാരാഗ്ലൈഡിംഗ് കോഴ്സ് ഡയറക്ടര്‍ വിജയ് സോണി തുടങ്ങിയവര്‍ ഫ്ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. ശനിയാഴ്ച നടക്കുന്ന സമാപന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സംബന്ധിക്കും.

ഫെഡറേഷന്‍ ഓഫ് എയ്റോനോട്ടിക് ഇന്‍റര്‍നാഷണല്‍, എയ്റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളൈ വാഗമണാണ് പരിപാടിയുടെ പ്രാദേശിക സംഘാടകര്‍.
പാരാഗ്ലൈഡിംഗ് ആക്യുറസി ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ടീം, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ജൂനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം, ഒന്നരലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുന്നത്.

വാഗമണില്‍ നിന്നും നാല് കി.മി അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ നടക്കുന്നത്. 3000 അടി ഉയരത്തില്‍ പത്തു കിമി ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക ഓഫിനും ലാന്‍ഡിംഗിനും പ്രത്യേകം അനുയോജ്യമാണ്. തണുപ്പ് നിറഞ്ഞ കാലാവസ്ഥ, തേയിലത്തോട്ടങ്ങള്‍, പുല്ലുമേടുകള്‍, ചോലക്കാടുകള്‍ എന്നിവ വാഗമണിന്‍റെ സാധ്യതകള്‍ ഉയര്‍ത്തുന്നു.

Tags

News Hub