സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷയെഴുതാൻ അധികൃതർ സമ്മതിച്ചില്ല ; മനംനൊന്ത് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി

death
death

ന്യൂഡൽഹി: സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷയെഴുതാൻ അധികൃതർ സമ്മതിക്കാതിരുന്നതിനെതുടർന്ന് 17 വയസുകാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം.

ശനിയാഴ്ച പരീക്ഷ എഴുതാൻ പോയ വിദ്യാർഥിനിയെ ഫീസടക്കാത്തതിനെതുടർന്ന് പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു.

കൂടാതെ വിദ്യാർഥിനിയെ സ്കൂൾ മാനേജർ സന്തോഷ് കുമാർ യാദവ്, ഓഫിസർ ദീപക് സരോജ്, പ്രിൻസിപ്പൽ രാജ്കുമാർ യാദവ് തുടങ്ങിയവർ പരസ്യമായി അപമാനിച്ചെന്നും അതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും പരാതിയിൽ പറയുന്നു.

താൻ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറഞ്ഞു. സ്കൂൾ ഫീസായ 1500 രൂപ മുമ്പ് അടച്ചിരുന്നെന്നും ബാക്കി 800 രൂപ മാത്രമാണ് അടക്കാനുണ്ടായിരുന്നതെന്നും അവർ പരാതിയിൽ പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 107 പ്രകാരം പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags

News Hub