കോഴിക്കോട് ജനശതാബ്ദിയും ശബരിയും എൽഎച്ച്ബി കോച്ചുകളിലേക്ക്

train
train

കൊല്ലം:തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലെ കൂടുതൽ തീവണ്ടികൾ ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും തിരുവനന്തപുരം-സെക്കന്തരാബാദ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസും താമസിയാതെ എൽഎച്ച്‌ബി കോച്ചുകളിലേക്ക് മാറും. ജർമൻ ഡിസൈനിലുള്ള എൽഎച്ച്ബി കോച്ചുകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാണ്.

തിരുവനന്തപുരം-എറണാകുളം പാതയിൽ തീവണ്ടികൾ മണിക്കൂറിൽ നൂറുകിലോമീറ്റർ വേഗത്തിലോടാൻ കഴിയുംവിധം ട്രാക്ക് പരിഷ്കരിച്ച സാഹചര്യത്തിലാണ് കൂടുതൽ തീവണ്ടികൾ എൽഎച്ച്ബി കോച്ചിലേക്ക് മാറുന്നത്. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ട്രെയിൻ നേരത്തേതന്നെ എൽഎച്ച്ബി കോച്ചിലേക്ക് മാറി. ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച ആധുനിക റെയിൽ കോച്ചുകളാണ് എൽഎച്ച്ബി കോച്ചുകൾ. 160 കിലോമീറ്റർ വേഗത്തിൽവരെ ഓടാൻ കഴിയുന്ന കോച്ചുകളാണിവ.

നിലവിൽ ജനശതാബ്ദി ട്രെയിനുകളിൽ പത്തുവർഷത്തിലേറെ പഴക്കമുള്ള കോച്ചുകളാണുള്ളത്. സുരക്ഷാ കാരണങ്ങളാലാണ് കാലാവധി കഴിയുന്നതിനുമുൻപേ കോച്ചുകൾ മാറ്റുന്നത്. സാധാരണ ഇരുപത്തഞ്ച് വർഷമാണ് കോച്ചുകളുടെ കാലാവധി.

തിരുവനന്തപുരം ഡിവിഷനിലെ ഭൂരിഭാഗം എക്സ്പ്രസ് തീവണ്ടികളും എൽഎച്ച്ബി കോച്ചുകളിലേക്ക് മാറ്റിക്കഴിഞ്ഞു. ഉയർന്ന സുരക്ഷ നൽകുന്നതും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ചതുമാണിവ. വീതികൂടിയ സീറ്റുകളും കാൽനീട്ടിവയ്ക്കാനുള്ള സൗകര്യവും ഉണ്ട്. ഇന്ത്യൻ റെയിൽവേ 2000 മുതലാണ് ഇത്തരം കോച്ചുകൾ ഉപയോഗിച്ചുതുടങ്ങിയത്. ആദ്യഘട്ടത്തിൽ ജർമനിയിൽനിന്ന്‌ ഇറക്കുമതിചെയ്തിരുന്നെങ്കിലും ഇപ്പോൾ പഞ്ചാബിലെ കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലാണ് നിർമിക്കുന്നത്.

Tags