ഇടുക്കി കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവ്: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Idukki is the golden goose of Kerala tourism: Minister P.A. Muhammed Riyaz
Idukki is the golden goose of Kerala tourism: Minister P.A. Muhammed Riyaz

ഇടുക്കി : കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവാണ് ഇടുക്കി എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി പീരുമേട് സർക്കാർ ഗസ്റ്റ് ഹൗസിന്റെ നവീകരണവും ഇക്കോ ലോഡ്ജ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിക്ക് ടൂറിസം രംഗത്ത് കൂടുതൽ മികവ് പുലർത്താനാവശ്യമായ സൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ. മികച്ച റോഡുകൾ, നവീകരിച്ച അതിഥി മന്ദിരങ്ങൾ തുടങ്ങിയവ ഇതിൻ്റെ ഭാഗമാണ്. 

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുന്നതിനുള്ള സമഗ്ര ഇടപെടലാണ് സർക്കാർ നടത്തുന്നത്. മികച്ച റോഡുകളും ആതിഥേയ മികവും നിരവധി സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഏറ്റവുമധികം സഞ്ചാരികളെത്തുന്നത് ഇടുക്കിയിലും വയനാട്ടിലുമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ, അതിഥി മന്ദിരങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ മികച്ചതാക്കും. 

ലോകമെങ്ങും ട്രെൻസ് ആയി മാറിയ മൈ സ്റ്റോറീസ്, കോൺഫറൻസുകൾ മീറ്റിങ്ങുകൾ, എക്സിബിഷനുകൾ തുടങ്ങിയവ നടത്തുന്നതിനുള്ള സൗകര്യമൊരുക്കാനും വിദേശ സഞ്ചാരികളെ അടക്കം കേരളത്തിലേക്ക് ആകർഷിക്കുന്നതിനും ഉള്ള ഇടപെടലാണ് ടൂറിസം രംഗത്ത് സർക്കാർ നടത്തുന്നത്. ഈ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറുന്നത് ഇടുക്കിയായിരിക്കും എന്ന് മന്ത്രി പറഞ്ഞു. മൈ സ്റ്റോറിസ് കോൺഫറൻസ് കൊച്ചിയിലും വെൽനസ് കോൺഫറൻസ് കോഴിക്കോടും ആണ് സംഘടിപ്പിക്കുന്നത്. ഇപ്പോൾ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് അമേരിക്ക ബ്രിട്ടൻ മെഡലിസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. 

ലുക്ക് ഈസ്റ്റ് പോളിസിയുടെ ഭാഗമായി മലേഷ്യ, ചൈന, ജപ്പാൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഉയർത്താൻ മലേഷ്യൻ എയർലൈൻസുമായി സഹകരിക്കുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള ഇൻഫ്ലുവൻസർമാർ, ടൂറിസം വ്യവസായവുമായി ബന്ധപ്പെട് പ്രവർത്തിക്കുന്നവർ തുടങ്ങിയവരെയെല്ലാം കേരളത്തിലേക്ക് കൊണ്ടുവരും. കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് ഒരു വിഷു സമ്മാനമായിരിക്കും ഇത്. കേരളത്തിലെ ടൂറിസം സാധ്യതകൾ ഈ രാജ്യങ്ങളിൽ നിന്നുള്ള വരിലെത്തിക്കും. ഇത് കേരളത്തിലെ ടൂറിസം മേഖലയിൽ വലിയ മാറ്റമുണ്ടാക്കും. 

വയനാട്ടിലെയും ഇടുക്കിയിലെയും ടൂറിസം വികസന പദ്ധതികൾക്ക് വലിയ ശ്രദ്ധയാണ് നൽകി വരുന്നത്. ഇടുക്കിയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വനം വകുപ്പുമായുള്ള ചർച്ചയിലുടെ പരിഹരിക്കും. മാർച്ച് 24 തിങ്കളാഴ്ച എംഎൽഎയ്ക്കൊപ്പം വനം വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. 

പത്തനംതിട്ട ഗവി, വാഗമണ്‍, തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട് വികസനത്തിന്റെ ഭാഗമായി 5.05 കോടി രൂപ ഭരണാനുമതി നല്‍കിയതിന്റെ ഭാഗമായാണ് ഇക്കോ ലോഡ്ജ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.  12 മുറികള്‍ ഉള്‍പ്പെടുന്ന രണ്ട് ബ്ലോക്കുകള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവയാണ് പദ്ധതിയിലുളളത്. ചുവരുകള്‍, തറകള്‍, സീലിംഗ് മുതലായവ ശുദ്ധമായ തേക്ക് തടിയില്‍ നിര്‍മ്മിച്ചിരിക്കുന്നു. ആറു കോടി രൂപ ചെലവിലാണ് ഇക്കോ ലോഡ്ജ് നിർമിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ അതിഥി മന്ദിരത്തിൽ കോണ്‍ഫറന്‍സ് ഹാള്‍, പമ്പ് ഹൗസിന്റെ നവീകരണം, കിണര്‍ നവീകരണം, ഇക്കോലോഡ്ജ് വശത്തിന് സമീപമുള്ള ഗേറ്റ് പില്ലറിന്റെ നവീകരണം, ടോയ്ലറ്റിന്റെ നവീകരണം, ഡീസല്‍ ജനറേറ്റര്‍, കോമ്പൗണ്ട് ഭിത്തിയുടെ കല്‍പ്പണികളുടെ നവീകരണം, ഗസ്റ്റ് ഹൗസിന് ചുറ്റും വേലി കെട്ടല്‍, മഴവെള്ള സംഭരണ ക്രമീകരണങ്ങള്‍, റെഡിമെയ്ഡ് ബയോഗ്യാസ് പ്ലാന്റ്, ഗസ്റ്റ് ഹൗസിന് ചുറ്റും ഇന്റര്‍ലോക്ക്, സ്റ്റോര്‍, വസ്ത്രം മാറാനുള്ള മുറി,  ബാഡ്മിന്റണ്‍ കോര്‍ട്ട്, അനെക്‌സിന്റെ പിന്‍ഭാഗത്തുള്ള കെട്ടിടത്തിന്റെ നവീകരണം, വിശ്രമമുറി, ലാന്‍ഡ്‌സ്‌കേപ്പിംഗ്, വൈദ്യുതീകരണം എന്നിവയാണ് പൂർത്തിയായിട്ടുള്ളത്.

ഗസ്റ്റ് ഹൗസ് പരിസരത്ത് നടന്ന പരിപാടിയില്‍ പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോൺ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ടി. ബിനു, എസ്.പി. രാജേന്ദ്രൻ, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ. ദിനേശൻ, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി ഡൊമിനിക്, രാഷ്ട്രീയ പ്രതിനിധി എസ്. സാബു, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍,, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags