റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി;3 പേര്‍ക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം

accident
accident

റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പില്‍ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് ബസ്സ് പാഞ്ഞുകയറുകയായിരുന്നു.

താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. ദേശീയ പാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പില്‍ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് ബസ്സ് പാഞ്ഞുകയറുകയായിരുന്നു.

താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്.

അപകടത്തിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ബിബീഷ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിലും സതീഷ് കുമാര്‍ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോള്‍ മാങ്ങ ശേഖരിക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തുകയായിരുന്നു.

Tags

News Hub