തദ്ദേശ അദാലത്തിൽ ഭൂരിപക്ഷം പരാതികളിലും അനുകൂല തീരുമാനമെടുത്തുവെന്ന് മന്ത്രി എം ബി രാജേഷ്

kannur adalat
kannur adalat

കണ്ണൂർ: കണ്ണൂർ ജില്ലാ തദ്ദേശ അദാലത്തിൽ ഭൂരിപക്ഷം പരാതികളിലും അനുകൂല തീരുമാനമെടുത്തതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അദാലത്തിൽ ലഭിച്ച ആകെ പരാതികളിൽ (വൈകീട്ട് അഞ്ച് മണി വരെ) 1550 എണ്ണത്തിൽ 1256 എണ്ണം തീർപ്പാക്കി. 1104 പരാതികളിൽ അനുകൂല തീരുമാനമെടുത്തു. അനുകൂല ശതമാനം 88. തള്ളിയത് 152. 

തുടർപരിശോധനയ്ക്ക് വിട്ടത് 294. മുൻകൂർ ലഭിച്ച പരാതികൾ 1188. മുഴുവനും തീർപ്പാക്കി. അനുകൂലം 1036. അനുകൂല ശതമാനം 87.2. തള്ളിയത് 152. അദാലത്ത് ദിവസം ലഭിച്ചത് 362 പരാതികൾ. 68 പരാതികളും അനുകൂലമായി തീർപ്പാക്കി. അനുകൂല ശതമാനം 100. തുടർപരിശോധന 294. ചില പരാതികളുടെ തീർപ്പ് പൊതുവായ ചട്ട ഭേദഗതികളിലേക്ക് നയിച്ചതായി മന്ത്രി അറിയിച്ചു.

കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ പെർമിറ്റ് റദ്ദാക്കുന്ന ചട്ടത്തിൽ ഇളവ് നൽകുമെന്ന് മന്ത്രി അറിയിച്ചു. കെട്ടിട നിർമ്മാണ ചട്ടം 19(5) ലാണ് ഇളവ് നൽകുക. കണ്ണൂരിൽ നടന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാതല അദാലത്തിൽ വിളയാങ്കോട് സ്വദേശി പി.പി. ദാമോദരന്റെ പരാതി പരിഗണിച്ചാണിത്. സംസ്ഥാനത്തെങ്ങും ആയിരക്കണക്കിന് പേർക്ക് ഈ ഇളവ് ഗുണകരമാവും.

Also read: 'ശശിയെ ബലി കൊടുത്ത് രക്ഷപെടാമെന്ന് പിണറായി കരുതണ്ട, അധോലോകവും അധോലോകത്തിന്റെ നായകനും കുടുങ്ങുക തന്നെ ചെയ്യും' : രാഹുൽ മാങ്കൂട്ടത്തിൽ

കെട്ടിട നിർമ്മാണ പെർമ്മിറ്റിനായി അപേക്ഷിക്കുമ്പോൾ  നൽകിയ അപേക്ഷയിൽ സമർപ്പിച്ച  ആകെ ഭൂമിയിൽ നിന്നും 21 സെന്റ് സ്ഥലം നിർമ്മാണത്തിനിടെ സാമ്പത്തിക ബാധ്യത വന്നതിനെ തുടർന്ന് ദാമോദരൻ വിൽപ്പന നടത്തിയിരുന്നു. കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ നേരത്തേ നിർമ്മാണ പെർമിറ്റ് അനുവദിച്ച സ്ഥലത്തിന്റെ അളവിൽ വ്യത്യാസമുള്ളതായി കണ്ടെത്തി, ഇക്കാരണം പറഞ്ഞ് കെട്ടിട നമ്പർ നിഷേധിക്കുകയായിരുന്നു. നിലവിലുള്ള ചട്ടപ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട പ്ലോട്ടിന്റെ ഭാഗം മറ്റേതെങ്കിലും വ്യക്തിക്ക് കൈമാറുകയോ വിൽക്കുകയോ ചെയ്താൽ അനുവദിച്ച പെർമിറ്റ് അസാധുവാകും. 

ആകെ സ്ഥലത്തിന്റെ അളവിലുള്ള കുറവല്ലാതെ അപേക്ഷകന്റെ  നിർമ്മിതിയിൽ മറ്റ് ചട്ടലംഘനങ്ങളൊന്നും ഇല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കാര്യങ്ങൾ പരിഗണിച്ചാണ് പരാതിക്കാരന് അനുകൂലമായ തീരുമാനം എടുത്തത്.  ഈ ഇളവ് എല്ലാവർക്കും ഗുണകരമാവുന്ന പൊതുതീരുമാനമാക്കി മാറ്റുകയും ചെയ്തു. ഇതിന് ആവശ്യമായ ചട്ട ഭേദഗതി നടത്തും.

വിൽപ്പനയ്ക്ക് പുറമെ ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി ആർജിക്കൽ തുടങ്ങിയ കാരണങ്ങളാലും പ്ലോട്ടിന്റെ അളവിൽ  വ്യത്യാസം വന്നാൽ അനുവദിച്ച പെർമിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്. കെട്ടിട നിർമാണത്തിന് മറ്റ് വിധത്തിൽ ചട്ടലംഘനങ്ങൾ വരാത്തവർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.  ഇതിനാലാണ് പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നതിനു ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെർമ്മിറ്റ് നിലനിൽക്കുന്ന നിലയിൽ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരുന്നത്.

adalat kannur

ലൈഫ് ഭവന പദ്ധതിയിലൂടെ നിർമിക്കുന്ന വീടുകൾ, നിർമ്മാണത്തിനിടെ പുനർനിർമ്മിക്കാൻ കഴിയാത്തതുപോലെ പ്രകൃതി ദുരന്തങ്ങളിൽ തകർന്നാൽ, തിരിച്ചടവിൽ നിബന്ധനകളോടെ ഇളവ് അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ആന്തൂർ മോറാഴയിലെ വി വി നിഷയുടെ അപേക്ഷ പരിഗണിച്ചാണ് പ്രഖ്യാപനം. ലൈഫ്-പി എം എ വൈ ഭവന പദ്ധതിയിലൂടെ വീട് നിർമ്മിക്കുന്നതിന് അനുവദിച്ച ഒന്നര ലക്ഷം രൂപയ്ക്കും പലിശയുമാണ് ഒഴിവാക്കി നൽകിയത്.

ലൈഫ് പി എം എ വൈ പദ്ധതിയിലൂടെ നിഷ വീടിന്റെ ലിന്റൽ വരെയുള്ള പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ഒന്നര ലക്ഷം രൂപയും ലഭിച്ചു. എന്നാൽ 2018ലെ പ്രളയത്തിൽ വീട് 10 മീറ്ററോളം ഇടിഞ്ഞു താഴ്ന്നുപോയി. പരിശോധന നടത്തിയ തദ്ദേശ വകുപ്പ് എഞ്ചിനീയർ കെട്ടിടം സുരക്ഷിതമാക്കാൻ ചുരുങ്ങിയത് 16 ലക്ഷം രൂപ ചെലവിൽ സുരക്ഷാഭിത്തി നിർമ്മിക്കേണ്ടിവരുമെന്ന് നിർദ്ദേശിച്ചു. ഇതില്ലാതെ സ്ഥലം നിർമ്മാണ യോഗ്യമല്ലെന്നും എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തി. ഇതോടെ നിർമ്മാണം നിലച്ചു.

ഭവനപദ്ധതിയിൽ നിന്ന് സഹായം ലഭിക്കുകയും കെട്ടിടം പൂർത്തിയാക്കാതിരിക്കുകയും ചെയ്താൽ വർഷം 18% പലിശയോടെ സഹായമായി ലഭിച്ച തുക തിരിച്ചടയ്ക്കണം എന്നാണ് വ്യവസ്ഥ. മത്സ്യ കച്ചവടക്കാരനായ ഭർത്താവ് സന്തോഷ് കുമാറിന്റെ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇതിനാണ് അദാലത്തിൽ പരിഹാരമായത്. ഒന്നര ലക്ഷം രൂപയും പലിശയുമാണ് ഒഴിവാക്കി നൽകിയത്. 

Also read: ചാര്‍മിള തൊണ്ണൂറുകളിലെ സ്വപ്‌നസുന്ദരി, പ്രണയത്തകര്‍ച്ച കരിയര്‍ ഇല്ലാതാക്കി, സാമ്പത്തികമായി തകര്‍ന്നു, തെറി വിളിക്കുന്നവര്‍ അറിയമോ എങ്ങിനെയാണ് ജീവിക്കുന്നതെന്ന്?

സമാനമായ സംഭവങ്ങളിൽ നിബന്ധനകൾക്കും പരിശോധനകൾക്കും വിധേയമായി ഇളവ് അനുവദിക്കുമെന്ന പൊതുതീരുമാനവും അദാലത്ത് കൈക്കൊണ്ടുസെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് സ്‌കൂളിൽ പോകുമ്പോൾ ഡയപ്പർ വാങ്ങാൻ, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തദ്ദേശ സ്ഥാപനത്തിന് സഹായം നൽകാൻ അനുമതി നൽകുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ടോ സ്‌പോൺസർഷിപ്പോ പരിഗണിക്കാം. ഇക്കാര്യം പദ്ധതി മാർഗരേഖയിൽ ഉൾപ്പെടുത്തും. 

കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഈ വിഷയത്തിൽ പരിഗണിക്കേണ്ടതില്ല. കണ്ണൂർ ജില്ല തദ്ദേശ അദാലത്തിൽ വന്ന പരാതി തീർപ്പാക്കിക്കൊണ്ടാണ് സംസ്ഥാനത്താകെയുള്ള രോഗബാധിതരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം.
കണ്ണാടിപ്പറമ്പിലെ എം അഷിന്റെ സഹോദരി സെറിബ്രൽ പാൾസി ബാധിതയാണ്. സ്‌കൂളിൽ പോകുമ്പോൾ സഹോദരിക്ക് ദിവസവും  ആവശ്യമായ ഡയപ്പർ വാങ്ങാൻ തദ്ദേശ സ്ഥാപനത്തിൽ നിന്ന് ആവശ്യമായ സഹായം തേടിയാണ് അഷിൻ അദാലത്തിൽ എത്തിയത്. 

നാറാത്ത് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നോ സ്‌പോൺസർഷിപ്പിലൂടെ പണം കണ്ടെത്തിയോ ആവശ്യമായ തുക നൽകാൻ നിർദ്ദേശിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഡയപ്പർ വാങ്ങാനുള്ള തുകക്ക് നാറാത്ത് പഞ്ചായത്തിൽ നേരത്തെ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിനായി പ്രത്യേക പദ്ധതികളില്ലാത്തതിനാൽ നടപ്പിലാക്കാനായില്ല. ഇതോടെയാണ് ഭിന്നശേഷിക്കാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അദാലത്തിൽ വിഷയം പരിഗണിച്ചത്. പ്രത്യേക കേസായി പരിഗണിച്ച് കുടുംബത്തിന്റെ വരുമാന പരിധി നോക്കാതെ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് തുക വകയിരുത്തുകയോ സ്‌പോൺസർഷിപ്പ് കണ്ടെത്തുകയോ ചെയ്യണമെന്നാണ് അദാലത്തിൽ നിർദേശിച്ചത്.

Also read: പൊതുചടങ്ങിനിടെ നടി ബ്ലൗസിനുള്ളില്‍ പണം തിരുകി, പണമെടുക്കാന്‍ ആരാധകര്‍ ഓടിക്കൂടി, മുകേഷിന്റെ ആഭാസവും അശ്ലീലവും ഇക്കിളി നുണകളും

അധിക എഫ് എ ആർ ഫീസ് അടച്ച് പെർമിറ്റ് എടുക്കുകയും നിർമ്മാണം നടത്തുകയും ചെയ്ത കെട്ടിടം, നിർമ്മാണം പൂർത്തിയാക്കിയ ശേഷം നിശ്ചിത എഫ് എ ആർ പരിധിയിലാണെങ്കിൽ ഒടുക്കിയ അധിക ഫീസ് തിരിച്ചുനൽകും. എഫ് എ ആർ സംബന്ധിച്ച് സർക്കാർ കൊണ്ടുവരാൻ തീരുമാനിച്ച ചട്ട ഭേദഗതിയിൽ ഈ കാര്യം കൂടി ഉൾപ്പെടുത്തും.നിശ്ചയിച്ച ഫ്‌ളോർ ഏരിയ റേഷ്യോ പാലിക്കാൻ കഴിയാത്ത കെട്ടിടങ്ങൾക്കാണ് പ്രത്യേക ഫീസ് അടച്ച് ഇളവ് നൽകാൻ നിയമമുള്ളത്. ഈ അധിക ഫീസ് അടച്ചാൽ നിശ്ചിത പരിധിയിലധികമുള്ള എഫ് എ ആർ വരുന്ന നിലയിൽ കെട്ടിടം നിർമ്മിക്കാനാകും. 

നിശ്ചിത പരിധിയിലധികം എഫ് എ ആർ അനുവദിക്കുന്നതിനാണ് ഈ ഫീസ് ഈടാക്കുന്നത്. പെർമിറ്റിനൊപ്പം ഈ ഫീസ് അടയ്ക്കുകയും,  കെട്ടിടം പൂർത്തിയായ ശേഷം എഫ് എ ആർ പരിശോധിക്കുമ്പോൾ നിശ്ചിത പരിധിക്ക് അകത്തുമാണെങ്കിൽ ഫീസ് അനാവശ്യമായി ഒടുക്കിയതായി വരും. ഈ സാഹചര്യത്തിൽ ഇത്തരം കെട്ടിട ഉടമകൾക്ക് അടച്ച അധിക എഫ് എ ആർ ഫീസ് തിരികെ നൽകാനാണ് നിർദ്ദേശിച്ചതെന്ന് മന്ത്രി അറിയിച്ചു.

കണ്ണൂർ സ്വദേശി മുഹമ്മദ് മുനീർ നൽകിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മുനീറിന്റെ താണയിലെ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയപ്പോൾ നിയമപ്രകാരം നിർദേശിക്കപ്പെട്ട എഫ് എ ആർ പരിധിയിലായിരുന്നു കെട്ടിടം. എന്നാൽ പെർമിറ്റ് എടുത്തപ്പോൾ, അധിക എഫ് എ ആർ ഫീസ് അടച്ചിരുന്നു. ഈ തുക തിരികെ വേണമെന്ന ആവശ്യവുമായാണ് മുനീർ അദാലത്തിന് എത്തിയത്. ഈ തീരുമാനത്തിന്റെ ഗുണം സംസ്ഥാനത്തെ നിരവധി പേർക്ക് ലഭിക്കും. 

കെട്ടിട നിർമ്മാണ പെർമിറ്റ് എടുത്ത് ശേഷം ഏതെങ്കിലും കാരണവശാൽ നിർമ്മാണം  നടക്കാതെ ഉപേക്ഷിക്കപ്പെട്ടാൽ, ഈടാക്കിയ അധിക എഫ് എ ആർ ഫീസ് തിരിച്ചുനൽകാൻ എറണാകുളം തദ്ദേശ അദാലത്തിൽ തീരുമാനിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ചട്ടഭേദഗതി കൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കാഴ്ചപരിമിതി നേരിടുന്ന എ സി സാദത്ത് മിൽമാ ബൂത്ത് സ്ഥാപിക്കാനുള്ള സഹായം തേടിയാണ് എത്തിയത്. സ്വയം തൊഴിൽ  തുടങ്ങാൻ ആവശ്യമായ സഹായത്തിന് സാദത്ത് കതിരൂർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കതിരൂർ പഞ്ചായത്തിലും പാനൂർ ബ്ലോക്കിലും ഇതിന് ആവശ്യമായ പദ്ധതികളുണ്ടായിരുന്നില്ല. ഇതോടെയാണ് അദാലത്തിൽ എത്തിയത്.

 സങ്കടം അറിഞ്ഞുടൻ ജില്ലാ സാമൂഹ്യ നീതി ഓഫീസറുമായി അദാലത്ത് വേദിയിൽ ചർച്ച നടത്തുകയും, ഭിന്നശേഷി കോർപ്പറേഷനോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചോ മുഖേന സഹായം ലഭ്യമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിനായി സാമൂഹ്യ നീതി ഓഫീസറെ ചുമതലപ്പെടുത്തി. സംരംഭത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കതിരൂർ പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.

kannur adalat

അഞ്ച് വർഷം മുൻപ് വാങ്ങിയ കെട്ടിടം ഉപയോഗിക്കാൻ കഴിയുന്നിലെന്ന പരാതിയുമായാണ് കീഴല്ലൂർ പഞ്ചായത്തിലെ കെ. മുഹമ്മദ് ഹാജി തദ്ദേശ അദാലത്തിലെത്തിയത്.  മുഹമ്മദ് ഹാജി അഞ്ച് വർഷം മുൻപാണ് ധനലക്ഷ്മി ബാങ്കിൽ നിന്നും കീഴല്ലൂർ വില്ലേജിലെ മൂന്ന് ഏക്കർ 42 സെന്റ് സ്ഥലവും കെട്ടിടവും ലേലം ചെയ്തെടുത്തത്. എന്നാൽ കീഴല്ലൂർ പഞ്ചായത്തിന്റെ രേഖകളിൽ ഈ സ്ഥലത്തെ കെട്ടിടം ഉണ്ടായിരുന്നില്ല. ഇതിനാൽ ഉടമസ്ഥാവകാശം മുഹമ്മദ് ഹാജിക്ക് മാറ്റിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. കോടതി വഴിയുൾപ്പെടെ ശ്രമിച്ചിട്ടും പരിഹരിക്കാനാവാതെ അഞ്ച് വർഷമായി അലയുന്ന വിഷയവുമായാണ് മുഹമ്മദ് ഹാജി അദാലത്തിൽ പരാതിയുമായി എത്തിയത്.

മൂന്ന് ദിവസത്തിനകം കെട്ടിടത്തിന്റെ വിവരങ്ങൾ സഞ്ചയ സോഫ്റ്റ് വെയറിൽ ചേർത്ത് കെട്ടിട നമ്പർ പുനഃസ്ഥാപിച്ച് നൽകാൻ ഉത്തരവിട്ടതായി മന്ത്രി അറിയിച്ചു. കെട്ടിടം നിർമ്മിച്ചത് രജിസ്ട്രേഷന് മുമ്പായതിനാൽ പഴയ ഉടമയുടെ പേരിൽ തന്നെ പുനഃസ്ഥാപിച്ച് നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇത് എളുപ്പത്തിൽ മുഹമ്മദ് ഹാജിയുടെ പേരിലേക്ക് മാറ്റി നൽകാനാവും. തുടർന്ന് ഉടമസ്ഥത സർട്ടിഫിക്കറ്റ് ലഭിക്കുകയും നികുതി ഒടുക്കുകയും ചെയ്യാം.
വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനെ തുടർന്ന്  കടമുറി ഉപയോഗിക്കാനാവാത്ത സമയത്ത്  നഗരസഭയ്ക്ക് നൽകേണ്ട വാടകയിൽ തദ്ദേശ അദാലത്തിൽ ഇളവ് അനുവദിച്ചത് പറശ്ശിനിക്കടവ് സ്വദേശിനിയായ എ.വി രേഷ്മക്ക് ആശ്വാസമായി. 

ബ്യൂട്ടി പാർലർ നടത്തുന്നതിനായാണ് കടമുറി ലേലത്തിലെടുത്തത്. എന്നാൽ കടമുറിയിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. നഗരസഭ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിന് ഒന്നര വർഷം കാലതാമസം എടുത്തതിനാൽ അത്രയും നാൾ കടമുറി അടച്ചിടുകയായിരുന്നു. വാടക ഇനത്തിൽ കുറവ് നൽകണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും മൂന്ന് മാസത്തെ വാടക മാത്രമാണ് ഇളവ് നൽകിയത്.  വായ്പ തിരിച്ചടവും കുടിശ്ശിക തീർക്കലുമായി വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതിനാൽ വാടക ഇളവ് മുഴുവനായി അനുവദിച്ചു തരണമെന്ന അപേക്ഷയുമായാണ് രേഷ്മ തദ്ദേശ അദാലത്തിലെത്തിയത്.

വൈദ്യുതി കണഷൻ ലഭിച്ചതു വരെയുള്ള കാലയളവിലെ വാടക ഇളവു ചെയ്തു കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. വായ്പ തിരിച്ചടവും കുടിശ്ശിക തീർക്കലുമായി വലിയ സാമ്പത്തിക ബാധ്യതയിൽ നിന്നും കരകയറിതിന്റെ ആശ്വാസത്തിൽ വളരെ സന്തോഷത്തോടെയാണ് രേഷ്മ തദ്ദേശ അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു എന്നിവരും പങ്കെടുത്തു.

Tags