'ശശിയെ ബലി കൊടുത്ത് രക്ഷപെടാമെന്ന് പിണറായി കരുതണ്ട, അധോലോകവും അധോലോകത്തിന്റെ നായകനും കുടുങ്ങുക തന്നെ ചെയ്യും' : രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആരെയും ബലി നൽകി രക്ഷപെടാൻ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
‘സുജിത് ദാസിനെ ബലി കൊടുത്തിട്ടു രക്ഷപെടാമെന്ന് അജിത് കുമാറും, അജിത് കുമാറിനെ ബലി കൊടുത്തിട്ട് രക്ഷപെടാമെന്ന് പി ശശിയും, പി ശശിയെ ബലി കൊടുത്തിട്ട് രക്ഷപെടാമെന്ന് പിണറായി വിജയനും കരുതണ്ട... ഈ അധോലോകവും അധോലോകത്തിന്റെ നായകനും കുടുങ്ങുക തന്നെ ചെയ്യും... 14 ജില്ലകളിലും യൂത്ത് കോൺഗ്രസ്സ് എസ്.പി ഓഫീസ് മാർച്ച്’ -രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പോളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ ഉയർത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് എ.ഡി.ജി.പി അജിത് കുമാറാണെന്നും, എ.ഡി.ജി.പി മുഖ്യമന്ത്രിയുടെയും പി. ശശിയുടെയും അടുത്ത ആളാണെന്നും അൻവർ ആരോപിച്ചു. പത്തനംതിട്ട എസ്.പി സുജിത് ദാസിനെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്.