പൊതുചടങ്ങിനിടെ നടി ബ്ലൗസിനുള്ളില്‍ പണം തിരുകി, പണമെടുക്കാന്‍ ആരാധകര്‍ ഓടിക്കൂടി, മുകേഷിന്റെ ആഭാസവും അശ്ലീലവും ഇക്കിളി നുണകളും

S Saradakutty Mukesh
S Saradakutty Mukesh

കൊച്ചി: ലൈംഗിക പീഡന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ നടനും എംഎല്‍എയുമായ മുകേഷ് രാജിവെക്കണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇടത് വനിതാ പ്രൊഫൈലുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു ആവശ്യം ശക്തമാണ്. മുകേഷ് നിലവില്‍ രാജിവെക്കില്ലെന്ന് സിപിഎം അറിയിച്ചെങ്കിലും രാജിയില്‍ ഉറച്ചുനില്‍ക്കുകയാണ് സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുകള്‍.

അധ്യാപികയും എഴുത്തുകാരിയുമായ എസ് ശാരദക്കുട്ടി തുടക്കംമുതല്‍ മുകേഷ് രാജിവെക്കണമെന്ന ആവശ്യം ഉന്നയിക്കുന്നു. മുകേഷിന്റെ ആദ്യഭാര്യ സരിതയുടെ അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയും അതിലവര്‍ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതും മാത്രം മതി മുകേഷ് എംഎല്‍എയായി തുടരാതിരിക്കാന്‍ എന്നാണ് ശാരദക്കുട്ടിയുടെ നിലപാട്.

തെന്നിന്ത്യന്‍ അഭിനേത്രി രാധികാ ശരത് കുമാര്‍ കഴിഞ്ഞദിവസം കാരവനില്‍ നടിമാര്‍ വസ്ത്രം മാറുന്നത് രഹസ്യക്യാമറയില്‍ പകര്‍ത്തി സെറ്റിലെ പുരുഷന്മാര്‍ കണ്ടാസ്വദിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. രാധികാ ശരത് കുമാറിന്റെ ഗുരുതരമായ ആരോപണത്തെ ശരിവെക്കുന്ന തരത്തില്‍ മുകേഷിന്റേതായ ഒരു വീഡിയോ ക്ലിപ് കണ്ടെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പരസ്യമായി ഇങ്ങനെ അശ്ലീലവും ആഭാസവും ഇക്കിളിനുണകളും പറയുന്നയാള്‍ ഇടതുപക്ഷത്ത് ഇരിക്കുന്നത് നിയമസഭക്കൊരലങ്കാരമാണെന്നാണ് ശാരദക്കുട്ടിയുടെ പരിഹാസം.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

തെന്നിന്ത്യന്‍ അഭിനേത്രി രാധികാ ശരത് കുമാര്‍ പറഞ്ഞ ഗുരുതരമായ ആരോപണത്തെ ശരിവെക്കുന്ന തരത്തില്‍ മുകേഷിന്റേതായ ഒരു വീഡിയോ ക്ലിപ് കണ്ടു . ഏതോ ചാനല്‍ പരിപാടിക്കിടയില്‍ മുകേഷ് പറഞ്ഞത് രാധിക പറഞ്ഞതുമായി ചേര്‍ന്നു പോകുന്നുണ്ട്. പാതിരാത്രി കഴിഞ്ഞ് കാരവനിലെ ഒരു ഭാഗത്തു നിന്നു കേള്‍ക്കുന്ന പൊട്ടിച്ചിരികളെ കുറിച്ച്  രാധിക ചോദിച്ചതിനുള്ള മറുപടിയായാണ് തങ്ങളുടെ  ആ 'കോമഡിടൈമി'നെ കുറിച്ച് മുകേഷ് പറയുന്നത്.

ആഭാസക്കഥകള്‍ പറയാന്‍ ഇയാള്‍ മുന്‍പും തന്റെ ചാനല്‍ സാന്നിധ്യം ഉപയോഗിച്ചിട്ടുണ്ട്. കയ്യടിച്ച് ആര്‍ത്തട്ടഹസിച്ച് അവതാരകരും അനുസാരികളും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

അതിപ്രശസ്തയും ജനസമ്മതയും ആരാധ്യയുമായ ഒരു മുതിര്‍ന്ന നടി ഒരു പൊതുചടങ്ങിനിടെ പണം ബ്ലൗസിനിടയില്‍ തിരുകിയെന്നും  അതു തിരിച്ചെടുത്ത് മേശപ്പുറത്തു വെച്ചപ്പോള്‍ ആ വിയര്‍ത്ത നോട്ട് എടുക്കാനായി ആരാധകര്‍ ഓടിക്കൂടിയെന്നുമാണ് നടിയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തി, അറയ്ക്കുന്ന മുഖചേഷ്ടകളോടെ മുകേഷ് പറഞ്ഞത്. ചാനല്‍ അത് കട്ട് ചെയ്യാനുള്ള മര്യാദ പോലും കാണിച്ചില്ല.

 പൊതുവേദിയില്‍ ബ്ലൗസിനിടയില്‍ നോട്ടു തിരുകി വെക്കുന്ന സെലിബ്രിറ്റി താരം എന്നത് ഒരു വലിയ നുണയാണ്. അതു തിരിച്ചെടുത്ത് മേശപ്പുറത്തു വെക്കുന്നുവെന്നത് അതിലും വലിയ നുണയാണ്.

പരസ്യമായി ഇങ്ങനെ  അശ്ലീലവും ആഭാസവും ഇക്കിളിനുണകളും പറയുന്നയാള്‍ ഇടതുപക്ഷത്ത് ഇരിക്കുന്നത് നിയമസഭക്കൊരലങ്കാരമാണ്.
അയാളെ ഇറക്കി വിടരുത്. ഗാര്‍ഹികപീഡനക്കാരനാണ്. മുന്‍ ഭാര്യമാര്‍ സാക്ഷ്യം പറയുന്നതാണ്. ഒരൊറ്റ ചോദ്യവും ചോദിക്കരുത് അയാള്‍ക്കെതിരെ. ദയവു ചെയ്ത് ഇടതുപക്ഷത്തെ തകര്‍ക്കരുത്.

സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ മുഴുവന്‍ വന്ന് സാക്ഷ്യം പറഞ്ഞാലും മമ്മൂട്ടിയും മോഹന്‍ലാലും പറയില്ല അയാള്‍ക്കെതിരെ.
*ദയവു ചെയ്ത് സിനിമയെ നശിപ്പിക്കരുത്. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പവും നില്‍ക്കാം '.

 

Tags