ചാര്‍മിള തൊണ്ണൂറുകളിലെ സ്വപ്‌നസുന്ദരി, പ്രണയത്തകര്‍ച്ച കരിയര്‍ ഇല്ലാതാക്കി, സാമ്പത്തികമായി തകര്‍ന്നു, തെറി വിളിക്കുന്നവര്‍ അറിയമോ എങ്ങിനെയാണ് ജീവിക്കുന്നതെന്ന്?

Charmila
Charmila

കൊച്ചി: നടി ചാര്‍മിള ഒരുകാലത്ത് സിനിമാ ആസ്വാദകരുടെ സ്വപ്‌ന സുന്ദരിയായിരുന്നു. തമിഴില്‍ നിന്നും മലയാള സിനിമയിലെത്തി വിജയിച്ച അപൂര്‍വം നായികമാരിലൊരാളായിരുന്നു ചാര്‍മിള. തമിഴ് സിനിമയില്‍ ബാലതാരമായും നായികയായും സിനിമാ ജീവിതത്തിന് തുടക്കംകുറിച്ചു. മോഹന്‍ലാല്‍ നായകനായ ധനം ആണ് ആദ്യ മലയാള സിനിമ. പിന്നീട് മോഹന്‍ലാലിന്റെ അങ്കിള്‍ ബണ്ണിലും നായികയായി.

കേളി, പ്രിയപ്പെട്ട കുക്കു എന്നീ സിനിമകള്‍ കൂടിയായതോടെ ചാര്‍മിള മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചിരുന്നു. എക്കാലത്തേയും സൂപ്പര്‍ഹിറ്റുകളിലൊന്നായ കാബൂളിവാലയിലൂടെ ചാര്‍മിള സിനിമാ ആസ്വാദകരുടെ ഇഷ്ടനടിയെന്ന പേരും നേടി. പിന്നീട് ബാബു ആന്റണിയുടെ സിനിമകളിലെ നായികയായ ചാര്‍മിള 2007 വരെ മലയാളത്തില്‍ സജീവ സാന്നിധ്യമായിരുന്നു. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം ചാര്‍മിള അക്കാലത്ത് നായികയായെത്തി.

സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന കാലത്താണ് ബാബു ആന്റണിയുമായുള്ള പ്രണയവും. പ്രണയത്തകര്‍ച്ച ആത്മഹത്യാശ്രമത്തിലെത്തിയതോടെ നായികാ പ്രാധാന്യമുള്ള വേഷങ്ങളില്‍ നിന്നും ചാര്‍മിള അപ്രത്യക്ഷയായി. ബാബു ആന്റണി വിവാഹത്തില്‍ നിന്നു പിന്‍മാറിയതിന് ശേഷം ജീവിച്ചിരിക്കണമെന്ന് തനിക്ക് ഒരു ആഗ്രഹവും ഇല്ലായിരുന്നെന്നാണ് ചാര്‍മിള പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്. യുഎസില്‍ പോയി വന്ന ശേഷം വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കിയശേഷം വിദേശത്തുപോയ നടന്‍ തിരിച്ചെത്താത്തതോടെയായിരുന്നു ആത്മഹത്യാശ്രമം.

പ്രണയത്തകര്‍ച്ചയ്ക്കുശേഷം രണ്ട് വിവാഹത്തിലൂടെയും അവര്‍ കടന്നുപോയി. മലയാളി സീരിയല്‍ താരം കിഷോര്‍ സത്യയാണ് ആദ്യ ഭര്‍ത്താവ്. അടിവാരം സിനിമയുടെ സെറ്റില്‍ വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍, ആ ബന്ധം നീണ്ടുനിന്നില്ല. പിന്നീട്, സഹോദരിയുടെ സുഹൃത്തും സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറുമായ രാജേഷുമായുള്ള വിവാഹവും നീണ്ടുനിന്നില്ല. ആ ബന്ധത്തിലുള്ള കുട്ടി ചാര്‍മിളയ്‌ക്കൊപ്പമാണ്.

പ്രണയത്തകര്‍ച്ചയവും ദാമ്പത്യ പരാജയവും ചാര്‍മളയെ സാമ്പത്തികമായും ബാധിച്ചു. ചില സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്താണ് പിന്നീട് പിടിച്ചുനിന്നത്. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയ കാലമുണ്ടായിരുന്നു ചാര്‍മിളയ്ക്ക്.

തെറ്റായ ചില തീരുമാനങ്ങളാണ് ജീവിതം നശിപ്പിച്ചതെന്ന് ചാര്‍മിള പറയുകയുണ്ടായി. തമിഴ് നടന്‍ വിശാലാണ് കുട്ടിയുടെ സ്‌കൂള്‍ ഫീസ് പോലും അടച്ചിരുന്നത്. അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നതില്‍ പരാജയപ്പെട്ടു. രാജേഷില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷം എങ്ങോട്ട് പോകണമെന്ന് എനിക്കറിയില്ല. ചെറിയ വാടകയ്ക്ക് വീട് തേടി ഞാന്‍ പലയിടത്തും അലഞ്ഞു. ഞാനൊരു നടിയാണെന്ന് പറഞ്ഞപ്പോള്‍ എന്റെ ഭൂവുടമയ്ക്ക് വിശ്വസിക്കാനായില്ല. ആളുകള്‍ എന്നെ തേടി വരുമ്പോള്‍ അവര്‍ക്ക് സംശയമാണെന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ചാര്‍മിള പറയുന്നു.

ആഡംബരമായ ബാല്യവും കൗമാരവും യൗവ്വനവുമെല്ലാം പിന്നിട്ടാണ് മധ്യവയസ്സിലെത്തിനില്‍ക്കുന്ന അവര്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത്. ആരാധകരുടെ സ്വപ്‌നസുന്ദരിയായിരുന്ന നടിയെ കണ്ടാല്‍ പലരും ഇന്ന് തിരിച്ചറിയില്ല. സൗന്ദര്യമില്ലാതാകുന്നതോടെ ഒരു നടി എങ്ങിനെ വലിച്ചെറിയപ്പെടുന്നു എന്നതിന് ഉദാഹരണമാണ് ചാര്‍മിള. ഇന്നിപ്പോള്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരിച്ചതോടെ ചാര്‍മിളയ്ക്ക് മലയാളികളുടെ തെറിവിളിയാണ്. സൗന്ദര്യമില്ലാത്തവളെന്നും കിഴവിയെന്നും വിളിച്ച് ചാര്‍മിളിയെ അവര്‍ അധിക്ഷേപിക്കുകയാണ്.

Tags