ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുന്നത് അന്‍വറിന്റെ ആരോപണങ്ങള്‍; മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനം ശക്തമാകുന്നു; പാര്‍ട്ടിക്കുളളില്‍ ശുദ്ധികലശം വേണമെന്ന് അണികള്‍
കണ്ണൂര്‍: പിണറായിഭരണത്തില്‍ സമൂലമായ അഴിച്ചുപണിയും ശുദ്ധികലശവും വേണമെന്ന് കണ്ണൂര്‍ ജില്ലയില്‍ നടന്നുവരുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ നിന്നും ആവശ്യമുയരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുളള ആഭ്യന്തര വകുപ്പ് വന്‍പരാജയമാണെന്ന വിമര്‍ശനമാണ് പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയരുന്നത്.
എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരേ പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ നടപടി വേണമെന്ന ആവശ്യമുയുരുന്നതോടെ പാര്‍ട്ടി നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.
ആരോപണവിധേയരായ എ.ഡി.ജി.പി എം. ആര്‍. അജിത്ത്കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന വിമര്‍ശനമാണ് കീഴ്ഘടകങ്ങളില്‍ നിന്നുയരുന്നത്. എന്നാല്‍ ഇതു അത്ര എളുപ്പമല്ലെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ അജിത്കുമാറിനെതിരേ നടപടി പാടുള്ളൂ എന്ന് കഴിഞ്ഞദിവസം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തില്‍നിന്ന് ഡി.ജി.പിക്ക് നിര്‍ദേശം ലഭിച്ചിരുന്നു.
എ.ഡി.ജി.പിയെ കയറൂരിവിട്ടതില്‍ പി.ശശിയും ഉത്തരവാദിയാണെന്ന് ബോധ്യപ്പെടുത്താന്‍ അന്‍വര്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി മുഖവിലയ്ക്കെടുത്തിട്ടില്ല. പി.ശശി വന്നതിനുശേഷമാണ് ആഭ്യന്തരവകുപ്പില്‍ കാര്യങ്ങള്‍ നേരെചൊവ്വേ നടക്കുന്നതെന്നാണ് പിണറായിയുടെ വിലയിരുത്തല്‍. ശശിക്കെതിരേ വരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ എ.ഡി.ജി.പിക്കെതിരേ ആഞ്ഞടിക്കുമ്പോഴും പി.ശശിക്കെതിരേ കൂടുതലെന്തെങ്കിലും പറയാന്‍ പി.വി അന്‍വര്‍ മുതിരാതിരുന്നത്.
Also read: പി വി അന്‍വറുമായുള്ള ഫോണ്‍വിളി; പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍
തന്റെ പരാതികള്‍ മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടെന്നും വൈകാതെ നടപടി ഉണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നുമാണ് അൻവർ പറയുന്നത്, . സി.പി. എമ്മില്‍ അധികാരം പിടിക്കാനുളള ശ്രമങ്ങള്‍ പി.വി അന്‍വറിലൂടെ ചിലര്‍ ലക്ഷ്യമിടുന്നതായും സൂചനയുണ്ട്. പിണറായി വിഭാഗത്തില്‍ തന്നെ നേതാക്കള്‍ വ്യത്യസ്ത ചേരികളില്‍ തുരുത്തുകളായി മാറിയിട്ടുണ്ട്. പാര്‍ട്ടിയിലെ പവര്‍ ഗ്രൂപ്പായ കണ്ണൂര്‍ ലോബി മൂന്നായി പിളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അവസാനത്തെ രണ്ടുവര്‍ഷങ്ങളില്‍ ഗ്രൂപ്പു പോരും കാലുവാരലുകളും സജീവമാകുമെന്ന നിരീക്ഷണവുമുണ്ട്.