പി വി അന്‍വറുമായുള്ള ഫോണ്‍വിളി; പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പത്തനത്തിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്ന സുജിത് ദാസ് ഐ പിഎ എസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് സസ്‌പെൻഷൻ . പി വി അന്‍വറുമായുള്ള ഫോണ്‍വിളിയെ തുടർന്നാണ് നടപടി. സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. അതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.
പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. . ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതരമായ ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്പിയുടെ ക്യാമ്പ് ഹൗസില്‍ നിന്ന് മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് സുജിത് ദാസ് പി വി അന്‍വര്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ ആവശ്യത്തിന് വ്യക്തമായ മറുപടി നല്‍കുകയോ ഉറപ്പ് നല്‍കുകയോ ചെയ്യാതിരിക്കുന്ന എംഎല്‍എ എം ആര്‍ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നുണ്ട്. പരാതി എംഎല്‍എ ഒന്ന് പിന്‍വലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്. 25 വര്‍ഷത്തെ സര്‍വ്വീസ് ഉണ്ടെന്നും അത്രയും കാലം താന്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നായിരുന്നു സുജിത് ദാസ് സംഭാഷണത്തിനിടെ പറഞ്ഞത്.
എഡിജിപി അജിത് കുമാറിനെതിരെയും അദ്ദേഹം അന്‍വറിനോട് സംസാരിച്ചിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത് കുമാര്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി. അജിത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാര്‍ എല്ലാം അയാളുടെ സുഹൃത്തുക്കളാണ്. മാത്രമല്ല എന്തുകൊണ്ടാണ് മലപ്പുറം എസ്പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത് ദാസ് ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാറില്ലെന്നാണ് എംഎല്‍എ മറുപടി നല്‍കിയത്.മലപ്പുറം മുന്‍ എസ് പി ആയിരുന്നു സുജിത് ദാസ് .