അന്‍വറിനെ ഇളക്കി കുളം കലക്കുന്നതാര്? പി.ശശിയുടെ വഴിതടയാന്‍ അണിയറ നീക്കങ്ങള്‍ ശക്തമായി; മുഖ്യമന്ത്രിയുടെ പിന്തുണയോടെ സംസ്ഥാന സെക്രട്ടറിയിലേക്ക് എന്‍ട്രിനേടാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനായ പൊളിറ്റക്കല്‍ സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ പി.ശശിക്കെതിരെ പി.വി അന്‍വര്‍ ആരോപണങ്ങളുമായി രംഗത്തുവന്നതിന് പിന്നില്‍ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സൂചന.
അന്‍വറിനു പിന്നില്‍ സി.പി. എമ്മിന്റെ ഉന്നത നേതാവുള്‍പ്പെടെയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയുളള കടന്നാക്രമണം പി.വി അന്‍വര്‍ നടത്തുന്നത് പാര്‍ട്ടിക്കുളളില്‍ നിന്നും ലഭിക്കുന്ന പിന്‍തുണയോടെയാണെന്നാണ് സി.പി. എമ്മിനുളളില്‍ നിന്നും പുറത്തുവരുന്ന വിവരം.
മുഖ്യമന്ത്രിയുടെ ഓഫീസും പൊലിസ് ഭരണവും പൂര്‍ണമായി പി.ശശിയുടെ കൈപ്പിടിയിലാണെന്നുമുളള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ശശിയുടെ അപ്രമാദിത്വത്തില്‍ സി.പി. എം സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുയര്‍ന്നിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാര്‍ക്കു പോലും പൊലിസ് സ്‌റ്റേഷനില്‍ കയറാനോ പരാതി നല്‍കാനോ കഴിയാത്ത സാഹചര്യമാണുളളതെന്നു നേരത്തെ സംസ്ഥാനകമ്മിറ്റിയില്‍ ചര്‍ച്ചയുണ്ടായിരുന്നു.
ഉദ്യോഗസ്ഥഭരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നതെന്നും പി.ശശിയാണ് മുഖ്യമന്ത്രിയെ മറികടന്നു കൊണ്ടു പൊലിസിനെ നിയന്ത്രിക്കുന്നതെന്നുമാണ് കണ്ണൂരിലെ നേതാക്കള്‍ പോലും ആരോപിക്കുന്നത്.
എ.ഡി.ജി.പി അജിത് കുമാറിന്റെയും പി.ശശിയുടെയും ദുര്‍ഭരണം സര്‍ക്കാരിന്റെ പൊലിസ് നയത്തിനെ ദുര്‍ബലമാക്കുകയും പരിഹാസ്യമാക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഈ സംഘത്തെ തകര്‍ക്കുന്നതിനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പിന്‍തുണയോടെ അന്‍വര്‍ രംഗത്തുവന്നതായാണ് വിവരം. പാര്‍ട്ടി സമ്മേളനങ്ങളില്‍ അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. പരോക്ഷമായി മുഖ്യമന്ത്രിക്കെതിരെ തന്നെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
Also Read:- മുടി കറുപ്പിക്കാന്‍ ഷാംപൂ, ഹെയര്‍ ഡൈ എന്നിവ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
അന്‍വര്‍ വെറും തോക്കാണെന്നും കാഞ്ചി വലിക്കുന്നത് മറ്റൊരാളാണെന്നുമാണ് പാര്‍ട്ടിക്കുളളില്‍ നിന്നും ലഭിക്കുന്ന വിവരം. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയതോടെ കണ്ണൂരില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് അണികള്‍ ഉയര്‍ത്തുന്നത്. പി.ശശിയെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവരുന്നത് തടയാന്‍ ഒരു വിഭാഗം നേതാക്കള്‍ അന്‍വറെ കളത്തിലിറക്കിയതാണെന്നാണ് രാഷ്ട്രീയ സൂചനകള്‍.
മാത്രമല്ല പി.ശശിയെ തലശേരി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്‌സരിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ ഇതിനെ തടയിടുന്നതിനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലുളള ഒരുവിഭാഗം അന്‍വറിനെ ഇറക്കി കുളം കലക്കുന്നത്.