വേനൽ ചൂടിൽ വി.ഐ.പിയായി കഞ്ഞി : വിശപ്പടക്കാൻ കഞ്ഞിയെ ആശ്രയിക്കുന്നവർ കൂടുന്നു

kanji
kanji


കണ്ണൂർ :കണ്ണൂർ ജില്ലയിൽ വേനൽചൂട് കൂടിക്കൊണ്ടിരിക്കെ ഭക്ഷണപാനീയങ്ങളിലും ജനങ്ങൾ മാറ്റം വരുത്തുന്നു. അത്യുഷ്ണം കാരണം ഉച്ചയൂണ് ഒഴിവാക്കി കൊണ്ടു കഞ്ഞിയോടാണ് കൂടുതലാളുകളും താൽപര്യം കാണിക്കുന്നത്. ഉപഭോക്താക്കളുടെ ഡിമാൻ്റ് അനുസരിച്ചു ചെറുതും വലുതുമായ ഹോട്ടലുകൾ കഞ്ഞിക്കായി പ്രത്യേക കൗണ്ടറുകൾ തുടങ്ങിയിട്ടുണ്ട്. 

കെ.ടി.ഡി.സിയിൽ ചട്ടിക്കഞ്ഞിയും സാധാരണ ഹോട്ടലുകളിൽ കുത്തരി കഞ്ഞിയാണ് ലഭിക്കുന്നത്. കഞ്ഞിയും പുഴുക്കും അച്ചാർ ചമ്മന്തി എന്നിവയ്ക്കൊപ്പം പപ്പടവും കൂടി ചേരുമ്പോൾ 40 രൂപയാണ് ഈ ടാക്കുന്നത്. എന്നാൽ കഞ്ഞിയും ചെറുപയർ കറിയും ചമ്മന്തിയും അച്ചാറും ചേരുന്ന മെനുവിന് 35 രൂപ കൊടുത്താൽ മതി. കഞ്ഞിയും കടലയും അച്ചാറും മാത്രമായി 30രൂപയ്ക്ക് കൊടുക്കുന്ന ഹോട്ടലുകളുമുണ്ട്.

gothamb nurukk kanji

 കഞ്ഞി മാത്രം വിളമ്പുന്ന സ്ത്രീകൾ നടത്തുന്ന കഞ്ഞിക്കടയും കണ്ണൂർ യോഗശാലയിൽ പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ നഗരത്തിൽ ഉച്ചയൂണിന് പൊള്ളും വിലയാണ് ഈ ടാക്കുന്നത്. 50 രൂപ മുതൽ 120 രൂപ വരെ ഉച്ചഭക്ഷണം കഴിക്കാൻ കൊടുക്കണം. താണ വാട്ടർ അതോറിറ്റി ക്യാൻ്റീനിലാണ് ഏറ്റവും ചുരുങ്ങിയ വില വാങ്ങുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഉച്ചയ്ക്ക് 12.30 മുതൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. 

പ്രതിദിനം നൂറിലേറെപ്പേർ കഞ്ഞി കുടിക്കുന്ന കടകൾ കണ്ണൂർ നഗരത്തിലുണ്ടെന്ന് കട ഉടമകളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. ചൂടുകാലത്ത് വേഗം ദഹനം നടക്കുമെന്നതാണ് കഞ്ഞിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. വിലക്കുറവും ഒരു ഘടകമാണ്. ഓട്ടോറിക്ഷ തൊഴിലാളികൾ, ലോട്ടറി വിൽപ്പനക്കാർ, ചുമട്ടുതൊഴിലാളികൾ, മത്സ്യവിൽപ്പനക്കാർ, പീടിക തൊഴിലാളികൾ തുടങ്ങിയവരൊക്കെ കഞ്ഞിയെ വിശപ്പടക്കാൻ ആശ്രയിക്കുന്നവരാണ്. ഇവർക്കൊപ്പം ഇടത്തരക്കാരും കഞ്ഞി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വേനൽ ചൂട് കൂടുമ്പോൾ കഞ്ഞി കുടിക്കാനെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. 

കുത്തരി കഞ്ഞിയുടെ തനിമ ഏറെ ഊർജ്ജം നൽകുന്നുവെന്നാണ് കുടിക്കാനെത്തുന്നവർ പറയുന്നത്. രാവിലെ പതിനൊന്നു മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് കഞ്ഞി ലഭിക്കുന്ന സമയം.

Tags

News Hub