വിവാദമായപ്പോൾ പിൻവലിഞ്ഞു : മുഴക്കുന്ന് മൃദുംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ഇഫ്താർ സംഗമം നടത്തുന്നില്ലെന്ന് ദേവസ്വം ബോർഡ്


മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ സി.പി.എം പ്രവർത്തകരടങ്ങുന്ന കമ്മിറ്റിയാണ് ദൈനംദിന കാര്യങ്ങൾ നടത്തി വരുന്നത്.
മട്ടന്നൂർ : വീര പഴശി കേരള വർമ്മയുടെ കുലദേവതയായ ശ്രീ പോർക്കലി ദേവി കുടികൊള്ളുന്ന മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ഇഫ്താർ സംഗമം നടത്താനുള്ള നീക്കത്തിൽ നിന്നും ക്ഷേത്രം കമ്മിറ്റി പിൻ മാറി. ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം നടത്താനുള്ള നീക്കം വിവാദമായപ്പോൾ ദേവസ്വം ബോർഡ് അധികൃതർ ഇടപ്പെടുകയായിരുന്നു.
ശ്രീ മൃദുംഗ ശൈലേശ്വരി ക്ഷേത്രം പോർക്കലി കലശ കമ്മിറ്റിയാണ് മുഴക്കുന്ന് മഹൽ നിവാസികൾക്ക് സമൂഹ നോമ്പുതുറയും സ്നേഹ സംഗവും ഒരുക്കിയത്. മാർച്ച് 26 ന് വൈകിട്ട് ആറു മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ ഹരജി ബുധനാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് മലബാർ ദേവസ്വം ബോർഡ് ഇടപ്പെട്ട് ഇഫ്താർ സംഗമം നടത്തുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചത്. ഹിന്ദു സേവാ കേന്ദ്രം നൽകി ഹരജിയിൽ അഡ്വ. കൃഷ്ണരാജാണ് ഹാജരായത്.
മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ സി.പി.എം പ്രവർത്തകരടങ്ങുന്ന കമ്മിറ്റിയാണ് ദൈനംദിന കാര്യങ്ങൾ നടത്തി വരുന്നത്. ക്ഷേത്രോത്സവവും മറ്റു ചടങ്ങുകളും നടക്കുന്നത് സി.പി.എം പ്രാദേശിക നേതൃത്വത്തിൻ്റെ നിയന്ത്രണത്തിലാണ്.

ക്ഷേത്രത്തിൽ കരാർ നിയമനങ്ങളും സ്ഥിരം നിയമനങ്ങളും സി.പി.എം പ്രവർത്തകർക്കാണ് ലഭിച്ചിട്ടുള്ളതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. പഴശിയുടെ തറവാട് ക്ഷേത്രം പഴശിരാജ സിനിമ വന്നതോടെയാണ് കേരളമെങ്ങും പ്രശസ്തമായത്. ഇവിടെയെത്തുന്ന ഭക്തർക്ക് നിത്യവും അന്നദാനം ഒരുക്കിയിട്ടുണ്ട്.