അരിവാള്‍ രോഗികള്‍ക്കുള്ള ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാട് : മന്ത്രി വീണാ ജോര്‍ജ്

Wayanad is the first district to distribute health cards to sickle cell patients: Minister Veena George
Wayanad is the first district to distribute health cards to sickle cell patients: Minister Veena George


വയനാട് : സംസ്ഥാനത്ത് അരിവാള്‍ രോഗബാധിതരായവര്‍ക്കുള്ള സ്റ്റാറ്റസ് ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാടാണെന്ന് ആരോഗ്യ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡ് ലഭ്യമാക്കുന്നതോടെ രോഗികള്‍ക്ക് സൗജന്യ ചികിത്സ, പെന്‍ഷന്‍,  മറ്റ് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യാമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ഗവ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പുതിയ മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തില്‍ ആരംഭിച്ച സിക്കിള്‍ സെല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിക്കിള്‍സെല്‍  അസോസിയേഷന്‍ സെക്രട്ടറി കെ.ബി സരസ്വതിക്ക് ആരോഗ്യ കാര്‍ഡ് കൈമാറി മന്ത്രി ഉദ്ഘാടനം ചെയ്തു. 

ജില്ലയിലെ അരിവാള്‍ രോഗബാധിതര്‍ക്ക് അതത് മെഡിക്കല്‍ ഓഫീസില്‍ നിന്നും കാര്‍ഡുകള്‍ ലഭ്യമാക്കും. ശാരീരിക ബുദ്ധിമുട്ടുകളും അസ്വസ്ഥതയും ഉള്ളവര്‍ക്ക് പ്രത്യേക യൂണിറ്റ് രോഗികള്‍ക്ക് ആശ്വാസമാകുമെന്നും യൂണിറ്റില്‍ എസി സൗകര്യം ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 10 കിടക്കകളുള്ള യൂണിറ്റില്‍ എച്ച്.പി.എല്‍.സി ആന്‍ഡ്  എച്ച്.പി ഇലക്ട്രോഫോറസിസ് ടെസ്റ്റ് ലാബ് സൗകര്യം, ഫിസിയോതെറാപ്പി- പരിശോധനാ- അഡ്മിനിസ്‌ട്രേഷന്‍ മുറികള്‍ യൂണിറ്റിലുണ്ടാവും.  വയനാട് മെഡിക്കല്‍ കോളെജില്‍ തൊറാസിസ്, ന്യൂറോളജി വിഭാഗം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരെ തൊഴില്‍ നിയമ പരിധിയില്‍ കൊണ്ടുവരുന്നതിനും  ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതിനും കേന്ദ്ര ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. മാനന്തവാടി മെഡിക്കല്‍ കോളെജില്‍  ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ അസ്ഥിരോഗ വിഭാഗം മേധാവി അനിന്‍.എന്‍. കുട്ടിയേയും മെഡിക്കല്‍ സംഘത്തെയും മന്ത്രി അനുമോദിച്ചു. ഗവ മെഡിക്കല്‍ കോളെജില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനായി. സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ സമീഹ സൈതലവി, മെഡിക്കല്‍ കോളെജ് സൂപ്രണ്ട്  ഡോ. വി.പി രാജേഷ്, മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.എസ് മീന, മാനന്തവാടി  നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭാ കൗണ്‍സിലര്‍ എം.പി അനില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 
 

Tags

News Hub