അമിത് ഷായെ കണ്ട് പളനിസ്വാമി ; 2026 ല്‍ എന്‍ഡിഎ ഭരണമെന്ന് അമിത് ഷാ ; തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍


രണ്ട് മണിക്കൂറും 10 മിനിട്ടും നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ 50 മിനിറ്റോളം അമിത് ഷായും പളനിസ്വാമിയും തനിച്ച് സംസാരിച്ചെന്നാണ് വിവരം.
ദില്ലി കേന്ദ്രീകരിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് പളനിസ്വാമി അമിത് ഷായെ കണ്ടത്. രണ്ട് മണിക്കൂറും 10 മിനിട്ടും നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ 50 മിനിറ്റോളം അമിത് ഷായും പളനിസ്വാമിയും തനിച്ച് സംസാരിച്ചെന്നാണ് വിവരം.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവിഭാഗങ്ങളും ഔദ്യോഗിക പ്രതികരണത്തിന് മുതിര്‍ന്നില്ല. എന്നാല്‍ കൂടിക്കാഴ്ച്ച അവസാനിച്ചതിന് പിന്നാലെ 2026 ല്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. 2023 ലാണ് എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും വെവ്വേറെ മത്സരിച്ചത് ഡിഎംകെയ്ക്ക് നേട്ടം ഉണ്ടാക്കിയിരുന്നു.