കീ ടു എൻട്രൻസ്: കൈറ്റിന്റെ എൻട്രൻസ് പരിശീലന പദ്ധതിക്ക് തുടക്കമായി
സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ ബിരുദതല പൊതു പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിന് കൈറ്റ് ആവിഷ്‌കരിച്ച 'കീ ടു എൻട്രൻസ്' പദ്ധതിക്ക് തുടക്കമായി. സെപ്റ്റംബർ 30 രാത്രി 7.30 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ ക്ലാസുകൾ സംപ്രേഷണം ചെയ്തു തുടങ്ങും. പദ്ധതിയുടെ ഭാഗമായി കൈറ്റ് തയ്യാറാക്കിയ www.entrance.kite.kerala.gov.in എന്ന പോർട്ടൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക്ടെസ്റ്റ് എന്നിവ ഈ പോർട്ടൽ വഴി ചെയ്യാനാകും. ഓരോ വിഷയത്തിന്റെയും അര മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ സംപ്രേഷണം ചെയ്തതിന് ശേഷമാണ് പോർട്ടലിൽ മോക്ടെസ്റ്റും അസൈൻമെന്റുകളും ലഭ്യമാകുക. ഓരോ ക്ലാസിന്റേയും സ്‌കോർ നോക്കി കുട്ടികൾക്ക് നിരന്തരം മെച്ചപ്പെടുത്താൻ ഇതുവഴി അവസരം ലഭിക്കും.
കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ്, സോഷ്യോളജി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. തുടർന്ന് മറ്റ് വിഷയങ്ങളും ഉൾപ്പെടുത്തും.
സയൻസ്-ഹ്യുമാനിറ്റീസ്-കൊമേഴ്‌സ് വിഭാഗത്തിലെ എട്ടു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യമായി ലോഗിൻ സൗകര്യമൊരുക്കുന്ന കേരളത്തിലെ ഏറ്റവും ബൃഹത്തായ പൊതുപ്രവേശന പരിശീലന സംവിധാനമാണിതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. കഴിഞ്ഞ വർഷം മെഡിക്കൽ-എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇതേ രൂപത്തിൽ ക്രാഷ് കോഴ്‌സായി നടപ്പാക്കിയ 'ക്രാക്ക് ദ എൻട്രൻസ്' ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിലെ ക്ലാസുകളും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂൾ കോഡും പ്രവേശന സമയത്ത് ലഭിക്കുന്ന അഡ്മിഷൻ നമ്പറും ജനന തീയതിയും ഉപയോഗിച്ചാണ് കുട്ടികൾ
പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടത്..
കുട്ടികൾക്ക് ക്ലാസുകൾ കാണുന്നതിന് സ്‌കൂളിലെ സാങ്കേതിക സൗകര്യങ്ങൾ ആവശ്യമെങ്കിൽ ലഭ്യമാക്കുന്നതിന് സ്‌കൂൾ അധികൃതർ ക്രമീകരണം ഒരുക്കേണ്ടതാണെന്നും എല്ലാ വിദ്യാർത്ഥികളെയും ഈ പരിശീലനത്തെക്കുറിച്ചുള്ള വിവരം അറിയിക്കേണ്ടതാണെന്നും നിഷ്‌കർഷിക്കുന്ന സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി.
'കീ ടു എൻട്രൻസ്' പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പിനായി പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ എച്ച്.എസ്.എസ്.റ്റി, സൗഹൃദ കോഡിനേറ്റർ, കരിയർ ഗൈഡ് എന്നിവരുൾപ്പെടുന്ന ഒരു ടീമിനെ ചുമതലപ്പെടുത്തണം. സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പരിപാടിയിൽ രജിസ്റ്റർ ചെയ്യിക്കാനും ആവശ്യമായ പിന്തുണ നൽകാനുമുള്ള നടപടികൾ ഈ ടീമിന്റെ നേതൃത്വത്തിലാണ് സ്‌കൂളിൽ നടപ്പിലാക്കേണ്ടത്. കൈറ്റ് വിക്ടേഴ്‌സിനു പുറമെ കേരളത്തിനനുവദിച്ച രണ്ടു പി.എം ഇ-വിദ്യ ചാനലുകളിലും തത്സമയം ക്ലാസുകൾ കാണാം. കൈറ്റ് യുട്യൂബ് ചാനലിൽ സംപ്രേഷണത്തിന് ശേഷം ക്ലാസുകൾ എല്ലാവർക്കും കാണാവുന്ന തരത്തിൽ ലഭ്യമാക്കും.