ബിജു ജോസഫിന്റെ കൊലപാതകം ; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

murder
murder

ബിജു ജോസഫ് കൊലക്കേസില്‍ മുഖ്യപ്രതിയും ബിജുവിന്റെ മുന്‍ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

തൊടുപുഴയില്‍ ബിജു ജോസഫിന്റെ കൊലപാതക കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റുമോര്‍ട്ടം നടപടികളും രാവിലെ ആരംഭിക്കും. ബിജു പ്രതികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമാകുന്നത്. ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചുവെന്നാണ് വിവരം. ബിജുവിനെ തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച ഒംനി വാന്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും പ്രതികള്‍ കടത്തികൊണ്ടു പോയിട്ടുണ്ട്. ഈ തെളിവുകള്‍ക്കായി പൊലീസ് പരിശോധന ആരംഭിച്ചു. 


ബിജു ജോസഫ് കൊലക്കേസില്‍ മുഖ്യപ്രതിയും ബിജുവിന്റെ മുന്‍ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോന്‍ ബിജുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോന്‍. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിന്‍ എന്നിവരെയും തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. 
വ്യാഴാഴ്ച രാവിലെയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. 

Tags

News Hub