റോഡിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നവരുടെ പാസ്പോർട്ടും ഡ്രൈവിങ് ലൈസൻസും റദ്ദാക്കും : യു.പി പൊലീസ്


മീററ്റ്: റോഡിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നവരുടെ പാസ്പോർട്ടും ഡ്രൈവിങ് ലൈസൻസും റദ്ദാക്കുമെന്ന് ഉത്തർ പ്രദേശ് പൊലീസ്. ഉത്തരവ് ലംഘിക്കുന്നവർ അറസ്റ്റ് ഉൾപ്പെടെ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. അടുത്തുള്ള പള്ളിയിലോ ഈദ് ഗാഹിലോ നമസ്കരിക്കണമെന്ന് ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോഡിൽ ഒരു കാരണവശാലും നമസ്കാരം അനുവദിക്കില്ലെന്നും മീററ്റ് എസ്.പി ആയുഷ് വിക്രം സിങ് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്താൽ പാസ്പോർട്ടിനും ലൈസൻസിനുമുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി) ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്ന സാധ്യതയുള്ള പ്രദേശങ്ങളിലും പള്ളികൾക്കും ഈദ്ഗാഹിനും സമീപം അർധസൈനിക വിഭാഗങ്ങളെ വിന്യസിക്കും. ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ശാഹി മസ്ജിദിലെ സർവേയെ തുടർന്ന് സംഘർഷമുണ്ടായ സംഭലിലും ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് എസ്.പി കൃഷ്ണകുമാർ ബിഷ്ണോയ് പറഞ്ഞു. വീടുകളിൽ സംഘടിതമായി പെരുന്നാൾ നമസ്കാരം നിർവഹിക്കാൻ അനുവദിക്കില്ല. ആളുകൾക്ക് അവരുടെ വീട്ടിൽ പ്രാർഥന നടത്താം. എന്നാൽ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഈദ് പ്രാർഥന സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അലീഗഢ് എസ്.പി മൃഗാനിക് ശേഖർ പതക് പറഞ്ഞു. പൊതുസ്ഥലങ്ങളിൽ പ്രാർഥന നടത്തരുതെന്ന യു.പി സർക്കാറിന്റെ നിർദേശമാണ് പിന്തുടരുന്നത്.
സമാധാനസമിതി യോഗം വിളിച്ച് ഇക്കാര്യം ആളുകളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൊലീസ് നീക്കത്തിനെതിരെ രാഷ്ട്രീയ ലോക് ദൾ (ആർ. എൽ.ഡി) നേതാവും കേന്ദ്ര സഹമന്ത്രിയുമായ ജയന്ത് സിങ് ചൗധരി രംഗത്തെത്തി. ഇംഗ്ലീഷ് എഴുത്തുകാരൻ ജോർജ് ഓർവലിന്റെ ഭരണകൂട ഭീകരതയും അമിതാധികാര പ്രയോഗവും പ്രമേയമായ ‘1984’ എന്ന നോവൽ ഉദ്ധരിച്ചായിരുന്നു ചൗധരിയുടെ വിമർശനം.