നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ റിപ്പോർട്ട് പുറത്ത് വിട്ട് സുപ്രീം കോടതി

Justice Yashwant Verma
Justice Yashwant Verma

കത്തിയ നിലയിൽ കറൻസി നോട്ടുകൾ കണ്ടെത്തി എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും റിപ്പോർട്ടിലുണ്ട്

ന്യൂഡൽഹി: വീട്ടിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ റിപ്പോർട്ട് സുപ്രീം കോടതി പുറത്ത് വിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കത്തിയ നിലയിൽ കറൻസി നോട്ടുകൾ കണ്ടെത്തി എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും റിപ്പോർട്ടിലുണ്ട്. സ്റ്റോർ റൂമിലാണ് ഇത് സൂക്ഷിച്ചിരുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ദില്ലി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് തന്നെ അന്വേഷണ കമ്മീഷൻ യോഗം ചേരും. ചോദ്യം ചെയ്യൽ ഉൾപ്പെടെ ഉള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കും. പാർലമെന്റിൽ പ്രതിപക്ഷം ഈ വിഷയം ആയുധമാക്കും എന്നിരിക്കെ കേന്ദ്രത്തിന് മറുപടി പറയാൻ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് അനിവാര്യമാണ്. അതു കൊണ്ടു തന്നെ അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കാൻ ഉള്ള നീക്കങ്ങളും നടത്തുന്നുണ്ടെന്നാണ് സൂചന.

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് എതിരായ അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യൽ സമിതി രൂപീകരിച്ചിരുന്നു. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ഒരു ഹൈക്കോടതി ജഡ്ജിയും ഉൾപ്പെടുന്നതാണ് അന്വേഷണ സമിതി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ഹിമാചൽ ചീഫ് ജസ്റ്റിസ് ജി എസ് സന്ധ് വാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവർ അംഗങ്ങൾ .ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്ക് ജുഡീഷ്യൽ ചുമതല നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകൾ. തനിക്കെതിരെ ഗൂഢാലോചനയെന്നും നോട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് ജഡ്ജിയുടെ വിശദീകരണം. തനിക്കെതിരായ നീക്കമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം ഉപയോഗിക്കുന്ന മുറി എന്നും വിശദീകരണം.

Tags