ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ ; 16 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു


ന്യൂഡൽഹി: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 16 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് എന്നിവർ ചേർന്നുള്ള സംയുക്തസേനയാണ് മാവോയിസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് മാവോയിസ്റ്റുകൾക്ക് വേണ്ടിയുള്ള തിരച്ചൽ ആരംഭിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാജീവനക്കാർക്കും പരിക്കേറ്റു. എ.കെ 47 അടക്കം വലിയ ആയുധശേഖരവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാജീവനക്കാർ പരിക്കേൽക്കുകയും ചെയ്തിരുന്നു.
നേരത്തെ ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഒരു പൊലീസുകാരൻ ജവാൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ബിജാപൂർ, കാങ്കർ ജില്ലകളിലായാണ് ഏറ്റുമുട്ടൽ നടന്നത്. ഗംഗലൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ നക്സലൈറ്റ് വിരുദ്ധ ഓപറേഷനിനിടെയാണ് മാവോയിസ്റ്റുകളെ വധിച്ചത്.

കഴിഞ്ഞമാസം ബിജാപൂർ ജില്ലയിൽ മാത്രം 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. ഇന്ദ്രാവതി നാഷണൽ പാർക്ക് ഏരിയയിൽ ഉൾവനത്തിൽ സുരക്ഷാ സംഘം നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപറേഷനിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്.