തലവന് ശേഷം ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു

Asif Ali and Jis Joy reunite after Thalavan
Asif Ali and Jis Joy reunite after Thalavan

നിർമ്മാതാവ് ടി.ആർ. ഷംസുദ്ധീൻ തന്റെ ഡ്രീംകാച്ചർ പ്രൊഡക്ഷൻസ് ബാനറിൽ പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നായ തലവന് ശേഷം നടൻ ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും ഒന്നിക്കുകയാണ് പുതിയ പ്രൊജക്ടിലൂടെ.  ഇരുവരും ഒന്നിച്ച ഇന്നലേ വരെ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. 

"ഞങ്ങള്‍ പ്രതീക്ഷയോടെ, ഈ യാത്രയിലേക്ക് ചുവടുവെക്കുന്നു, ഞങ്ങളുടെ മുൻ ചിത്രങ്ങളിൽ നിങ്ങൾ ഇഷ്ടപ്പെട്ട അതേ ഉള്ളടക്കം, പ്രചോദനം, സന്തോഷം, രസം എന്നിവ ഇതിലും ഉണ്ടാകും എന്ന് ആഗ്രഹിക്കുന്നു," നിര്‍മ്മാണ പങ്കാളി വേണു ഗോപാലകൃഷ്ണനോടൊപ്പം ഇതുവരെ പേരിട്ടിട്ടില്ലാത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്‍സ്റ്റ പോസ്റ്റില്‍ ഷംസുദ്ധീൻ എഴുതി. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ അഞ്ചാമത്തെ സംരംഭമാണിത്. കാലിഷ് പ്രൊഡക്ഷൻസ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കളാണ്. 

അനൗൺസ്‌മെന്റ് പോസ്റ്റിൽ, കാനഡയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും ഒരു പാസ്‌പോർട്ടും ആണ് കാണിക്കുന്നത്. ഒരു പ്രവാസി ഇന്ത്യക്കാരനെ ചുറ്റിപ്പറ്റിയുള്ള ഒരു സിനിമയെക്കുറിച്ചാണ് പോസ്റ്റര്‍ സൂചന നൽകുന്നത്. ആസിഫ് അലി ഇതുവരെയുള്ള എല്ലാ ജിസ് ജോയ് ചിത്രങ്ങളുടെയും ഭാഗമാണ്. ജിസ് ജോയിയുടെ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലേ വരെ, തലവൻ എന്നിവയിൽ എല്ലാം ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മോഹൻ കുമാർ ഫാൻസില്‍ ആസിഫ് അലി ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. 

രേഖചിത്രത്തിൽ അവസാനമായി പോലീസ് ഓഫീസറായി അഭിനയിച്ച ആസിഫിന്‍റെ ആഭ്യന്തര കുറ്റവാളി എന്ന ചിത്രമാണ് റിലീസ് ചെയ്യാനുള്ളത്.  ചിത്രത്തിൽ ഗാർഹിക പീഡനക്കേസിൽ വിചാരണ നേരിടുന്ന ഒരു യുവാവിന്റെ വേഷത്തിലാണ് ആസിഫ് അഭിനയിക്കുന്നത്. അഭ്യന്തര കുറ്റവാളി ഏപ്രിൽ 03 ന് റിലീസ് ചെയ്യും.

Tags

News Hub