പരീക്ഷാഹാളിൽ പരിശോധന എന്ന വ്യാജേന ആറ് പെൺകുട്ടികളോട് ലൈംഗികാതിക്രമം; ഡ്യൂട്ടിയിലുണ്ടായ അധ്യാപകൻ അറസ്റ്റിൽ


അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ പ്രദീപ് കുമാറിന്റെയും കൊങ്കുനഗര്‍ വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ ഗോമതിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
തിരുപ്പൂര്‍: പ്ലസ്ടു അവസാനപരീക്ഷയെഴുതിയ ആറ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതായി ആരോപിച്ച് പരീക്ഷാഹാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയതു. തിരുപ്പൂര്‍ അമ്മപാളയത്തെ രാമകൃഷ്ണവിദ്യാലയത്തിലെ അധ്യാപകനായ സമ്പത്ത് കുമാറിനെയാണ് (34) തിരുപ്പൂര്‍ കൊങ്കുനഗര്‍ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുപ്പൂര്‍ വെങ്കമേട്ടിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തിലാണ് സംഭവം നടന്നത്. ചൊവാഴ്ച അവസാന പരീക്ഷാ സമയത്ത്, സമ്പത്ത്കുമാര്‍ ഡ്യൂട്ടിയിലായിരുന്ന ക്ലാസ് മുറിയില്‍ വിവിധ സ്‌കൂളുകളില്‍നിന്നുള്ള ആറ് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും പരീക്ഷ എഴുതിയിരുന്നു. പരിശോധന നടത്താനെന്ന വ്യാജേന പ്രതി ആറ് പെണ്‍കുട്ടികളുടെ ശരീരത്തില്‍ ഇടയ്ക്കിടെ സ്പര്‍ശിച്ചതായാണ് പരാതി.

വൈകുന്നേരം വീട്ടിലെത്തിയശേഷം മാതാപിതാക്കളോടാണ് പെണ്‍കുട്ടികള്‍ വിവരം പറഞ്ഞത്. പിന്നീട് രക്ഷിതാക്കള്‍ പരീക്ഷാകേന്ദ്രം സൂപ്പര്‍വൈസറെയും തിരുപ്പൂര്‍ സിറ്റിപോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന്, അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ പ്രദീപ് കുമാറിന്റെയും കൊങ്കുനഗര്‍ വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ ഗോമതിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.