എന്നും എപ്പോഴും ,സ്നേഹപൂർവം; ലാലേട്ടനും മുരളി ​ഗോപിക്കും ഒപ്പം ഇൻഡസ്ട്രി ഹിറ്റിന്റെ സന്തോഷം പങ്കുവെച്ച് ആന്റണി

Always, with love; Antony shares the joy of an industry hit with Lalettan and Murali Gopi
Always, with love; Antony shares the joy of an industry hit with Lalettan and Murali Gopi

മലയാള സിനിമയിൽ ചരിത്രം രചിച്ചുകൊണ്ട് മുന്നേറുകയാണ്, മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത 'എമ്പുരാന്‍'. അഡ്വാന്‍സ് സെയില്‍സ് മുതല്‍ തന്നെ റെക്കോര്‍ഡിടാന്‍ ആരംഭിച്ച ചിത്രം 100 കോടി തിയേറ്റര്‍ ഷെയര്‍ നേടി. 11 ദിവസങ്ങള്‍ക്കകം 250 കോടി ആഗോളകളക്ഷനിലൂടെ മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറുകയും ചെയ്തു.

പിന്നാലെ സംവിധായകന്‍ പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങള്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായി. പൃഥ്വിരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'എല്ലാം ഓക്കേ ആല്ലേ അണ്ണാ...?' എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

നേരത്തേ എമ്പുരാന്റെ ബജറ്റുമായി ബന്ധപ്പെട്ട് നിര്‍മാതാവ് സുരേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്കില്‍ നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു. വിവാദമായതോടെ നിര്‍മാതാക്കളുടെ സംഘടന ഇടപെട്ടുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ഇത് പിന്നീട് അദ്ദേഹം നീക്കംചെയ്യുകയും ചെയ്തിരുന്നു. അന്ന് ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് 'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്നത്. ഈ വാക്കുകളാണ് ഇപ്പോള്‍ പൃഥ്വിരാജിനെ സോഷ്യല്‍ മീഡിയയില്‍ ടാഗ് ചെയ്തുകൊണ്ട് ആന്റണി പെരുമ്പാവൂര്‍ ആവര്‍ത്തിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന് പിന്നാലെ മണിക്കൂറുകളുടെ ഇടവേളയില്‍ ആന്റണി പങ്കുവെച്ച മറ്റ് രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഒന്ന് ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിനൊപ്പമുള്ളതും മറ്റൊന്ന് എഴുത്തുകാരന്‍ മുരളി ഗോപിക്ക് ഒപ്പമുള്ളതുമാണ്. എന്നും എപ്പോഴും എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം. മോഹന്‍ലാലന്‍ ആന്റണിയുടെ തോളില്‍ കൈവച്ച് നടക്കുന്നതാണ് ചിത്രത്തലുള്ളത്. സ്‌നേഹപൂര്‍വം എന്ന തലക്കെട്ടോടെയാണ് മുരളി ഗോപിക്കൊപ്പമുള്ള ചിത്രം.
 

Tags