മേലാകെപൊള്ളി വേദനയിൽ പുളഞ്ഞ് ഭാര്യ; മുൻഭർത്താവിന്റെ ക്രൂരത


പേരാമ്പ്ര: സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് ജീവനക്കാരും സമീപവാസികളും ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലേക്ക് ഓടിയെത്തുന്നത്. അപ്പോള്‍ ബാത്ത്‌റൂമിലേക്ക് ഓടിക്കയറി വെള്ളം ശരീരത്തിലേക്ക് കോരിയൊഴിക്കുകയായിരുന്നു പ്രവിഷ. മുഖവും നെഞ്ചും ആസിഡ് വീണ് പാടെ പൊള്ളിയിരുന്നു. അവര്‍ വേദനകൊണ്ട് പുളയുന്നതുകണ്ട് അവിടെയെത്തിയവരും കുറെ വെള്ളമൊഴിച്ചുനല്‍കി.
നിലവിളികേട്ട് ഓടിവരുമ്പോള്‍ ഒരാള്‍ ആശുപത്രിയില്‍നിന്ന് ഓടുന്നതാണ് ആദ്യം കണ്ടതെന്ന് ആശുപത്രിക്ക് മുന്‍വശത്ത് താമസിക്കുന്ന വലിയപറമ്പില്‍ ലിതിന്‍ പറഞ്ഞു. പ്രതി പ്രശാന്ത് വന്ന സ്‌കൂട്ടര്‍ റോഡില്‍ പോകാനായി തിരിച്ചുനിര്‍ത്തിയിരുന്നു. പിന്‍വശത്തുകൂടി മതില്‍ച്ചാടി പുറത്തുകടന്ന് സ്‌കൂട്ടറില്‍ കയറി അയാള്‍ ഉടനെ രക്ഷപ്പെടുകയും ചെയ്തു.
രാവിലെ തൊഴിലുറപ്പ് തൊഴിലാളികളും ആശുപത്രിസമീപത്ത് ജോലിചെയ്യുന്നുണ്ടായിരുന്നു. ആസിഡ് ആക്രമണം നടത്തി സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്ന പ്രതി പ്രശാന്തിനോടുതന്നെയാണ് ഇവരെല്ലാം എന്താണ് സംഭവമെന്ന് അന്വേഷിച്ചത്. ആശുപത്രിയില്‍ എന്തോ പ്രശ്‌നമാണെന്നായിരുന്നു മറുപടി. ഉടനെ തൊഴിലാളികളും ഇവിടേക്ക് ഓടിയെത്തി.

ലിതിന്‍ വേഗം വീട്ടിലുള്ള കാര്‍കൊണ്ടുവന്ന് പ്രവിഷയെ കയറ്റി ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍ക്കൊപ്പം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. വളരെ പെട്ടെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതുകൊണ്ട് വേഗത്തില്‍ ചികിത്സനല്‍കാനും കഴിഞ്ഞു. പ്രവിഷയുടെ അമ്മവീട് ചെറുവണ്ണൂരിലാണ്. ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രി ചികിത്സയ്ക്കായി തിരഞ്ഞെടുക്കാന്‍ ഇതും കാരണമായി. ചെറുപ്പംമുതലേ അമ്മവീടിന് അടുത്തുള്ളവര്‍ക്കെല്ലാം പ്രവിഷയെ പരിചയവമുണ്ട്.
ഗ്രാമപ്രദേശത്ത് ഒരിക്കലും കേട്ടുകേള്‍വിയില്ലാത്തതരത്തിലുള്ള ആസിഡ് ആക്രമണ വാര്‍ത്തകേട്ട് നാട്ടുകാരെല്ലാം നടുക്കത്തിലാണ്. പ്രവിഷയെ കൂടാതെ സ്ത്രീകളുടെ വാര്‍ഡില്‍ സംഭവം നടക്കുമ്പോള്‍ രണ്ടുരോഗികള്‍ കൂടിയുണ്ടായിരുന്നു. അവരെല്ലാം പ്രവിഷയുടെ നിലവിളികേട്ടാണ് ആക്രമണം നടന്ന കാര്യം മനസ്സിലാക്കുന്നത്. ആക്രമണം നടന്ന ആശുപത്രി വരാന്ത പോലീസ് ഉടനെ സീല്‍ചെയ്തു. വൈകീട്ട് സയന്റിഫിക് സംഘം സ്ഥലം പരിശോധിച്ചു. ആസിഡ് കൊണ്ടുവന്ന സ്റ്റീല്‍കുപ്പി ആശുപത്രിയുടെ പുറകില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി.
ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് ചെറുവണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുകയായിരുന്ന യുവതിക്കുനേരേ മുന്‍ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത്. നടുവണ്ണൂര്‍ കൂട്ടാലിട പൂനത്ത് കാരടിപറമ്പില്‍ പ്രവിഷയുടെ (29) മുഖത്തും നെഞ്ചിനും പുറത്തുമാണ് പൊള്ളലേറ്റത്.
പ്രവിഷ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട മുന്‍ഭര്‍ത്താവ് നടുവണ്ണൂര്‍ തിരുവോട് കാരടിപറമ്പില്‍ പ്രശാന്ത് (36) മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിക്കടിമയാണ് പ്രശാന്തെന്നാണ് പ്രവിഷയുടെ കുടുംബം പറയുന്നത്.