ഒമാനില്‍ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി, മൂവരുടെയും ആരോഗ്യ നില തൃപ്തികരം
Mar 27, 2025, 15:18 IST


കണ്ടെത്തിയ മൂവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
ഒമാനില്‍ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി. മസ്‌കത്തിലെ ഖാന്‍ അല്‍ അലം പ്രദേശത്ത് ജോലിക്കിടെയാണ് രണ്ട് ഇന്ത്യക്കാര്‍, ഒരു സ്വദേശി പൗരന്‍ എന്നിവരെ കാണാതായത്. മൂന്നുപേരും ഒരു കണ്‍സഷന്‍ സൈറ്റില്‍ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ആശയവിനിമയം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കണ്ടെത്തിയ മൂവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
വിവിധ സുരക്ഷാ, സിവിലിയന്‍ ഏജന്‍സികളുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇവരെ കണ്ടെത്താനും രക്ഷപ്പെടുത്താനും കഴിഞ്ഞത്. റോയല്‍ എയര്‍ ഫോഴ്‌സ് ഓഫ് ഒമാന്‍, പോലീസ് ഏവിയേഷന്‍ തുടങ്ങിയവയുടെ സഹായത്തോടെ ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍സ്റ്റാളേഷന്‍സ് പോലീസ് കമാന്‍ഡ് ആണ് ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
