ഭാര്യയെ സംശയം; മൂന്നര വയസുള്ള മകനെ കഴുത്തറുത്ത് കൊന്ന് ഐ.ടി ജീവനക്കാരൻ

murder
murder

പുണെ: ഭാര്യക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയത്തിൽ മൂന്നര വയസുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തി ഐ.ടി ജീവനക്കാരൻ . പുണെയിലെ ചന്ദൻനഗറിലാണ് അതിക്രൂര കൊലപാതകം. സംഭവത്തിൽ മാധവ് തികേതിയെ (38) പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ  ഇയാൾ തൊഴിൽരഹിതനാണ്.

കുട്ടിയെ കഴുത്തറുത്തു കൊന്നശേഷം മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവിനെയും മകനെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മാധവും മകനും നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചക്കുശേഷം 2.30നുള്ള ദൃശ്യങ്ങളായിരുന്നു ഇത്. വൈകീട്ട് അഞ്ചിനുള്ള മറ്റൊരു ദൃശ്യത്തിൽ മാധവ് തനിച്ച് നടന്നുപോകുന്ന ദൃശ്യങ്ങളും കിട്ടി.

പുതിയ വസ്ത്രങ്ങളുമായി നടന്നുപോകുന്ന ദൃശ്യങ്ങൾ സംശയത്തിനിടയാക്കി. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വഡ്ഗോൺശേരിയിലെ ഒരു ലോഡ്ജിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സ്ഥലത്തെത്തി മാധവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാൾ പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞു. പിന്നാലെ പൊലീസ് കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു.

ഐ.ടി ജീവനക്കാരനായിരുന്ന മാധവ് രണ്ടുമാസമായി ജോലിയില്ലാതെ വീട്ടിൽ തന്നെയായിരുന്നു. ഭാര്യക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡി.സി.പി ഹിമ്മത് യാദവ് പറഞ്ഞു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്ന് ചന്ദൻനഗർ സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഇൻസ്പെക്ടർ സീമ ധാക്നെ അറിയിച്ചു. ഇതിനായി മുൻകൂട്ടി കത്തിയും ബ്ലേഡും ഇയാൾ വാങ്ങിയിരുന്നു.
 

Tags

News Hub