കാറുകളിൽ ഇരുന്ന് സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ

arrest1
arrest1

ബംഗളുരു : പാർക്കുകൾക്ക് സമീപം കാറുകളിൽ ഇരുന്ന് സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കുന്നവരെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയിരുന്ന യുവാവ് അറസ്റ്റിലായി. പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഇയാളുടെ തട്ടിപ്പ്. കാക്കി ധരിച്ച് ബൈക്കിൽ എത്തിയ ശേഷം ആളുകളെ ഭീഷണിപ്പെടുത്തുകയും പൊതുസ്ഥലത്ത് മര്യാദവിട്ട് പെരുമാറിയതിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു രീതി.

ബംഗളുരുവിലാണ് സംഭവം. പൊലീസിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതിന് പിന്നാലെ ജയനഗ‌ർ പൊലീസ് ഇയാളെ അന്വേഷിച്ചിറങ്ങുകയായിരുന്നു. ഇതിനൊടുവിലാണ് ഗംഗാനഗർ സ്വദേശിയായ ആസിഫ് ഖാൻ (42) എന്നയാളെ പിടികൂടിയത്. പത്താം ക്ലാസിൽ തോറ്റ ശേഷം പഠനം നിർത്തി ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്ന് പൊലീസ് പറയുന്നു. 15 വർഷത്തോളം പലതരണം തട്ടിപ്പുകൾ നടത്തിയ ആസിഫ് ഖാനെതിരെ 19 പേർ പരാതി നൽകിയിട്ടുണ്ട്. നേരത്തെ 2018ൽ ഒരു തവണ അറസ്റ്റിലായിട്ടുമുണ്ട്.

പൊതുപാർക്കുകൾക്ക് സമീപവും റോഡരികിലെ മറ്റ് സ്ഥലങ്ങളിലും വാഹനങ്ങൾക്കുള്ളിൽ പങ്കാളികൾക്കൊപ്പം ഇരിക്കുന്നവരാണ് ആസിഫ് ഖാന്റെ ഇരകൾ. ഇവരുടെ അടുത്ത് എത്തിയ ശേഷം പൊലീസുകാരനാണെന്ന് പറയുകയും, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തികളിൽ ഏർപ്പെട്ടതിന് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യും. മാർച്ച് അഞ്ചാം തീയ്യതി ജയനഗർ ആർ.വി മെട്രോ സ്റ്റേഷന് സമീപം തന്റെ സഹപ്രവർത്തകയ്ക്കൊപ്പം കാറിലിരിക്കുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരനെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

Tags

News Hub